നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 950 കടന്നു. വിവിധ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 650ലധികം പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാണാതായ ഇന്ത്യക്കാരെ സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.

റസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ കുറഞ്ഞത് 93 തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് നേരത്തെ ആശങ്കപ്പെട്ടിരുന്നത്. എന്നാൽ ഇവരെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പ്രളയസമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിലെ ഭൂഗർഭ തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്നതായാണ് വിവരം. കാണാതായവർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടോ, അതോ പ്രളയജലത്തിൽ ഒഴുകിപ്പോയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ ഭൂപ്രദേശവും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്.

Related Posts