നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ് പ്രതികരണവുമായി രംഗത്ത്. അപകടത്തിൽ മൂന്ന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായതെന്നും മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന ചിന്തിക്കാനാവില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു.
മക്കളെ സ്നേഹത്തോടെ വളർത്തി വലുതാക്കിയ കുടുംബങ്ങൾ നേരിടുന്ന വേദന വാക്കുകൾകൊണ്ട് വിവരിക്കാനാവില്ല. തന്റെ വാക്കുകൾ അവരുടെ ദുഃഖത്തിന് ആശ്വാസമാകില്ലെന്ന് അറിയാമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും നൂഹ വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ നിയമത്തിൻ്റെ വഴിക്ക് മുന്നോട്ടുപോകട്ടെയെന്നും സത്യസന്ധമായ വാർത്തകൾ മാത്രമേ പുറത്തുവരാവൂവെന്നും അവർ ആവശ്യപ്പെട്ടു. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും തനിക്കും കുടുംബത്തിനുമെതിരെ ദേഷ്യവും വിദ്വേഷവും ഉണ്ടാകുമെന്ന് അറിയാമെന്നും നൂഹ പറഞ്ഞു. എന്നാൽ, ഈ വിഷമകരമായ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്നും അവർ അഭ്യർഥിച്ചു.
തങ്ങളും സാധാരണ മനുഷ്യരാണെന്ന് പറഞ്ഞ നൂഹ, സംഭവവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. താനും ഒരമ്മയാണെന്ന കാര്യം പരിഗണിക്കണമെന്നും അവർ അഭ്യർഥിച്ചു.
സ്വന്തം മകനെക്കുറിച്ചുള്ള ആശങ്കയും മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടതിലുള്ള ദുഃഖവും ഒരേസമയം അനുഭവിക്കുകയാണെന്നും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നൂഹ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
ഒരു അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുമെന്നും തങ്ങൾ ഉള്ളിടത്തോളം കാലം ആ പിന്തുണ തുടരുമെന്നും നൂഹ സജീവ് കൂട്ടിച്ചേർത്തു.