നവരാത്രി പൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും.
യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ.
മൈസൂരുവിൽ നിന്ന് കണ്ണൂർ, മധുര എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും അധിക ബസുകൾ ഓടും. ചെന്നൈ–എറണാകുളം റൂട്ടിൽ മൾട്ടി ആക്സിൽ എസി ബസുകളാണ് സർവീസ് നടത്തുക.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂർ, പൊന്നാനി, മലപ്പുറം, തൃശൂർ, എറണാകുളം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ചേർത്തല, ഹരിപ്പാട്, കോട്ടയം, അടൂർ, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ബസുകൾ ഉണ്ടാകും.
പാലാ, കണ്ണൂർ ഡിപ്പോകളിൽ നിന്ന് മൈസൂരുവിലേക്കും, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കും പ്രത്യേക സർവീസുകളുണ്ടാകും. എറണാകുളം–ചെന്നൈ സർവീസും മൾട്ടി ആക്സിൽ എസി ബസിലായിരിക്കും.
തിരക്കനുസരിച്ച് ചില റൂട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. വരും ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ നിരത്തിലിറക്കാനും കെഎസ്ആർടിസി പദ്ധതിയിടുന്നുണ്ട്.