ബെംഗളൂരുവിന് സമീപമുള്ള ദേവനഹള്ളിയിലെ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് വൻ പ്രതിഷേധവും സംഘർഷവും. കടയാരപ്പനഹള്ളിയിലെ സ്റ്റെർലിംഗ് ഇംഗ്ലീഷ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയായ ഗുരുകിരൺ (12) ആണ് മരിച്ചത്.

രാവിലെ കായിക പരിശീലനത്തിന് മുമ്പ് ശുചിമുറിയിൽ പോയതിൻ്റെ പേരിൽ പി.ഇ. അധ്യാപകൻ നാരായണൻ കുട്ടിയെ ക്രൂരമായി മർദിച്ചെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും ആരോപണം. മർദനത്തിന് ശേഷവും രണ്ട് റൗണ്ട് ഓടാൻ നിർബന്ധിച്ചതായും, ഓട്ടത്തിനിടെ ഗുരുകിരൺ കുഴഞ്ഞുവീണതായും വിദ്യാർഥികൾ പറയുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും അധ്യാപകനെ സ്കൂൾ പരിസരത്ത് വെച്ച് മർദിച്ചു. പൊലീസെത്തി ഇയാളെ രക്ഷപ്പെടുത്തി വാഹനത്തിൽ കയറ്റിയെങ്കിലും പ്രതിഷേധക്കാർ വാഹനം ഉപരോധിച്ചു. ചിലർ പെട്രോളുമായി എത്തി അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് നേരിയ ലാത്തിച്ചാർജ് നടത്തി.

ഗുരുകിരണിന് ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. ഓട്ടത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണമെന്ന പ്രാഥമിക വിശദീകരണം അവർ തള്ളി. കുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ ബാഗലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണത്തിൻ്റെ യഥാർഥ കാരണം പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Related Posts