പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ കുഴഞ്ഞുവീണ വെങ്കിടേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. 1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് ഇദ്ദേഹം ജനിച്ചത്.
1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിത്താര്‍ വായിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി സിനിമ രംഗത്ത് ചുവടുറപ്പിച്ചു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ സംഗീത സംവിധാനം നിർവഹിച്ചു. അദ്ദേഹം 1985മൂതൽ നിരവധി മലയാളം സിനിമകൾക്കായി ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി. രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും എസ്.പി. വെങ്കിടേഷിനെ മലയാളികൾക്ക് പ്രിയങ്കരനാക്കി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
രാജാവിന്റെ മകന്, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്, ദൗത്യം, വ്യൂഹം, കുട്ടേട്ടന്, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, നാടോടി, കിലുക്കം, ജോണി വാക്കര്‍, ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മാന്ത്രികം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, സ്ഫടികം തുടങ്ങി നിരവധി സിനിമകളിലൂടെ എസ്.പി. വെങ്കിടേഷിന്റെ സംഗീത വൈദഗ്ധ്യം മലയാളി കണ്ടു. അപ്പു, മഹായാനം, ദേവാസുരം തുടങ്ങി നിരവധി സിനിമകളിൽ പശ്ചാത്തല സംഗീതവും ഒരുക്കിയിരുന്നു.