പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പരിഷ്കരണത്തെത്തുടർന്ന് ഏകദേശം 91 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. ഫെബ്രുവരിയിൽ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം 63.66 ലക്ഷം പേരെ ഒഴിവാക്കിയപ്പോൾ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽ നിന്ന് 7.04 കോടിയായി കുറഞ്ഞിരുന്നു. ഇതിനുപിന്നാലെ 60.6 ലക്ഷം പരാതികളിൽ വിചാരണ നടത്തിയ കമ്മീഷൻ, പുനഃപരിശോധനയിൽ 27.16 ലക്ഷം പേരെ കൂടി ഒഴിവാക്കുകയും 32.68 ലക്ഷം പേരെ പട്ടികയിൽ നിലനിർത്തുകയും ചെയ്തു. വോട്ടർമാർ കൂട്ടത്തോടെ പുറത്തായതിൽ സംസ്ഥാനത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഇ-സിഗ്നേച്ചർ സംബന്ധിച്ച സാങ്കേതിക കാരണങ്ങളാൽ 22,163വോട്ടർമാരുടെ വിവരം കൂടി പ്രസിദ്ധീകരിക്കാൻ ബാക്കിയുണ്ട്. ഏപ്രിൽ 23-ന് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ, നിലവിൽ 59.84 ലക്ഷം പേരുടെ പുതുക്കിയ ഡാറ്റയാണ് കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ച്, വോട്ടർ പട്ടികയിൽനിന്ന് പുറത്തായവർക്ക് ജുഡീഷ്യൽ ട്രിബ്യൂണലിനു മുന്നിൽ ഇനിയും അപ്പീൽ നൽകാം.