കർണാടക തെലുങ്ക് റൈറ്റേഴ്സ് ഫെഡറേഷൻ, ഇൻഡോ ഏഷ്യൻ അക്കാദമി, ബെംഗളൂരു എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ ഇന്ന്, ജനുവരി 18-ന് ബെംഗളൂരുവിലെ ഇൻഡോ ഏഷ്യൻ അക്കാദമിയിൽ ആഡിറ്റോറിയത്തിൽ ബഹുഭാഷാ കവിസമ്മേളനവും സംക്രാന്തി സാഹിത്യ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു.
പ്രശസ്ത പത്രപ്രവർത്തകനും ഫെഡറേഷൻ ചെയർമാനുമായ ഡോ. മാല്യാദ്രി ബൊഗ്ഗവാരപ്പു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഭാഷാസൗഹൃദവും വിവർത്തനത്തിൻ്റെ സാമൂഹിക പ്രസക്തിയും അദ്ദേഹം തൻ്റെ അധ്യക്ഷതാ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ജിടിആർഇ–ഡിആർഡിഒ യിലെ ശാസ്ത്രജ്ഞനും പ്രോജക്റ്റ് ഡയറക്ടറുമായ എൽ. ജഗദീശ്വര റാവു മുഖ്യാതിഥിയായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇൻഡോ ഏഷ്യൻ അക്കാദമി ചെയർമാൻ പ്രൊ. ഡോ. ടി. ഏകാംബരം നായിഡു, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി. ചന്ദ്രശേഖര ആസാദ്, ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേർസ് അസോസിയേഷൻ പ്രസിഡൻറ് ഡോ.സുഷമ ശങ്കർ, ഡോ. എം വി. ലക്ഷ്മി, ശ്രീമതി പുഷ്പ ലത മുതലായവർ കവികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, ആസ്സാമീ, രാജസ്ഥാനി, സംസ്കൃത മുതലായ ഭാഷകളിലെ കവികളും എഴുത്തുകാരും പങ്കെടുത്ത സമ്മേളനം ഭാഷാ ഐക്യത്തിൻ്റെ ശക്തമായ വേദിയായി. സാഹിത്യ രംഗത്തെ വിലപ്പെട്ട സംഭാവനകൾക്ക് സംക്രാന്തി സാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു.
മലയാളം എഴുത്തുകാരികളായ ഡോ. സുഷമ ശങ്കർ, ബ്രിജി കെ. ടി. അർച്ചന സുനിൽ, ബിന്ദു പി. മേനോൻ, വിന്നി ഗംഗാധരൻ, എന്നിവരെ സംക്രാന്തി സാഹിത്യ പുരസ്കാരവും പ്രശംസാപത്രവും നൽകി ആദരിച്ചു.
തെലുങ്ക് റൈറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട് എം ശ്രീനിവാസിൻ്റെ സ്വാഗത്തോടെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ബഹുഭാഷാ കവിസമ്മേളനം ജനറൽ സെക്രട്ടറി ഡോ.സിങ്കുരു നരേന്ദ്ര ബാബുവിൻ്റെ നന്ദി പ്രകാശനത്തോടെ വൈകിട്ട് അഞ്ച് മണിക്ക് സമാപിച്ചു. മികച്ച സംഘാടനവും ആശയസമ്പന്നമായ ചർച്ചകളും ബഹുഭാഷാ കവിയരങ്ങും കൊണ്ടു സമ്മേളനം വൻ വിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.