എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തേക്കുമെന്ന സൂചന. കേസിൽ പ്രതിയായ വീണ വിജയൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡൽഹിയിലെ ഇഡി അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത്തരമൊരു പരാമർശമുള്ളതെന്നാണ് റിപ്പോർട്ട്.

കേസന്വേഷണം നടത്തിയ കൊച്ചി ഇഡി ഓഫീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും അതിൻ്റെ ഡയറക്ടറായ വീണ വിജയനും നൽകിയ പണം, പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിൻ്റെ പേരിലാണെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയിൽ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ ₹2.78 കോടി നൽകിയെങ്കിലും യാതൊരു സേവനവും ലഭിച്ചില്ലെന്നും, സേവനങ്ങൾ നൽകിയിട്ടില്ലെന്ന് വീണ വിജയനും മൊഴിനൽകിയിട്ടുണ്ടെന്നും ഇഡി രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാകും പിണറായി വിജയനോട് വിശദീകരണം തേടുകയെന്നാണ് സൂചന.

അതേസമയം, പിണറായി വിജയന് സമൻസ് നൽകാനുള്ള സാധ്യതയും റിപ്പോർട്ടുകളിൽ പരാമർശിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ, കമ്പനി ഡയറക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട ₹26 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും, കേസിലെ 12 പ്രതികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള ആകെ ₹29 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വിവരമുണ്ട്.

Related Posts