സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീലുകൾ.

സിംഗിൾ ബെഞ്ച് ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആരോപണവിധേയരുടെ ഭാഗം കേൾക്കേണ്ടതുണ്ടോയെന്ന് ജസ്റ്റിസുമാരായ കെ. നടരാജൻ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേസെടുക്കുന്നതിന് മുമ്പ് ലഭ്യമായ വിവരങ്ങളും തെളിവുകളും പരിശോധിക്കേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.

സിംഗിൾ ബെഞ്ചിന് മുന്നിലെ ഹർജിയിൽ കക്ഷികളായിരുന്നില്ലെന്ന കാരണത്താൽ അപ്പീൽ നൽകാൻ അനുമതി തേടിയ പിണറായി വിജയനടക്കമുള്ളവർക്ക് കോടതി നേരത്തേ അനുമതി നൽകിയിരുന്നു. ഒക്ടോബർ ഒമ്പതിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യണമെന്നുമാണ് പ്രധാന ആവശ്യം. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിരിക്കുന്നത്.

Related Posts