മലബാർ മുസ്ലിം അസോസിയേഷൻ തൊണ്ണൂറാം വാർഷികാഘോഷം ഫെബ്രുവരി മൂന്നാം വാരത്തിൽ നടക്കും. ഇത് സംബന്ധിച്ച യോഗത്തിൽ ഡോ. എൻ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ നിർധനരും നിരാലംബരുമായ കുടുംബങ്ങൾക്ക് ഗുണകരമായ ഒമ്പത് ഇനകർമ്മപദ്ധതികൾ പ്രഖ്യാപിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ആതുര സേവനത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും നിർമ്മാണത്തിലിരിക്കുന്ന വിദ്യാഭ്യാസ സമുഛയത്തിൻ്റെ നിർമാണം ഉടൻ പൂർത്തീകരിക്കുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുതിയ മാർഗ്ഗരേഖകൾ ഉണ്ടാക്കുകയും ചെയ്യും.
എംഎംഎ ചാരിറ്റി ഹോംസ് പദ്ധതിയിൽ നിർമ്മാണത്തിലിരിക്കുന്ന 25 വീടുകളുടെ പണി മാർച്ചോടെ പൂത്തിയാക്കി ഭവനരഹിതരായ നിർധന കുടുംബങ്ങൾക്ക് വിതരണം ചെയ്യുവാനുള്ള പ്രവൃത്തി ദ്രുതഗതിയിൽ നടന്നു വരുന്നു. തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് 9 പതിറ്റാണ്ടുകാലത്തെ സംഘടനയുടെ സമ്പൂർണ്ണ ചരിത്രം ഉൾകൊള്ളുന്ന സോവനീർ തയ്യാറാക്കുവാനും മറ്റുമുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു.

യോഗത്തിൽ വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാൻ, സെക്രട്ടറിമാരായ പി.എം. ലത്തീഫ് ഹാജി, കെ.സി. അബ്ദുൽ ഖാദർ, ശംസുദ്ധീൻ കൂടാളി, കെ.എച്ച് ഫാറൂഖ്, ടി.പി. മുനീറുദ്ധീൻ പി.എം. മുഹമ്മദ് മൗലവി, കബീർ ജയനഗർ, സി.എൽ.ആസിഫ് ഇഖ്ബാൽ, വി.സി.കരീം ഹാജി തുടങ്ങിയവർ സംസാരിച്ചു.

Related Posts