കർണാടക എം.എൽ.സി തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നതെന്ന സംശയത്തെ തുടർന്ന് കൂറുമാറിയ എം.എൽ.എമാരെ കണ്ടെത്താൻ പുതിയ നീക്കവുമായി ബിജെപി. ധർമസ്ഥലയിലെ പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രത്തിൽ നിയമസഭാ കക്ഷിയോഗം ചേർത്ത് എം.എൽ.എമാരെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തതെന്ന് എം.എൽ.എമാർ ക്ഷേത്രസന്നിധിയിൽ വെളിപ്പെടുത്തണമെന്നാണ് നേതൃത്വത്തിൻ്റെ തീരുമാനം. ഇതിലൂടെ പാർട്ടിക്കെതിരെ വോട്ട് ചെയ്തവരെ തിരിച്ചറിയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ജൂൺ 18ന് നടന്ന എം.എൽ.സി തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും ജെഡിഎസിൻ്റെയും ചില വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചതായാണ് വിലയിരുത്തൽ. ഇതിൻ്റെ ഫലമായി കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുകയും ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടിയാവുകയും ചെയ്തു.
സംഭവത്തിൽ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പുതിയ നടപടി. കോൺഗ്രസിന് ലഭിച്ച അധിക വോട്ടുകളിൽ ആറോ ഏഴോ ബിജെപി എം.എൽ.എമാരുടേതാകാമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. എന്നാൽ കൂറുമാറിയവരെ കൃത്യമായി തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇതിനിടയിൽ, അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ ധർമസ്ഥലയിൽ യോഗം വിളിച്ചുചേരുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര അറിയിച്ചു. നിലവിൽ ബിജെപിക്ക് കർണാടക നിയമസഭയിൽ 63 എം.എൽ.എമാരാണുള്ളത്.