നീറ്റ് പുനഃപരീക്ഷയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർന്നു. ബിഹാറിലെ ലഖിസറായിൽ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ കേസിൽ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷ എഴുതാനെത്തിയവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പണം വാങ്ങി പരീക്ഷ എഴുതുന്ന സംഘത്തിൻ്റെ ഭാഗമായിരുന്ന ഇവർക്കൊപ്പം കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
അതേസമയം, ഉത്തർപ്രദേശിലെ വാരാണസിയിലെ പരീക്ഷാകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരു വിദ്യാർത്ഥിയുടെ കൈവശം നിന്ന് സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
രാജ്യത്തെ മറ്റ് ചില കേന്ദ്രങ്ങളിൽ നിന്നും സമാന പരാതികൾ ലഭിച്ചതായും അവ പരിശോധിച്ചുവരുന്നതായും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. എന്നാൽ ചോദ്യപേപ്പർ ചോർച്ചയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ നടത്തിയതെന്നും എൻടിഎ വ്യക്തമാക്കി.