വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപികയെ കൂടി പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപിക നീഷയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നീഷയെ അറസ്റ്റ് ചെയ്തത്. ആവള കുട്ടോത്ത് സ്വദേശിയായ നീഷയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി സംഘങ്ങളിൽ നിന്ന് വലിയ തോതിൽ പണം എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ മാസം 28-ന് വടകര സ്വദേശിയെ എംഡിഎംഎ കേസിൽ പിടികൂടിയതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കി പ്രവർത്തിച്ചിരുന്ന ലഹരി ശൃംഖലയുടെ വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് അന്വേഷണം വ്യാപിപ്പിച്ച പ്രത്യേക അന്വേഷണ സംഘമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
പണം ലഭിച്ച ശേഷം നിർദേശിച്ച ലൊക്കേഷനിലെത്തിയാൽ മറ്റൊരാൾ എംഡിഎംഎ കൈമാറുന്ന രീതിയിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് വടകര പൊലീസ് വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായ കീർത്തനയുടെ അക്കൗണ്ടിലേക്ക് എത്തിയ പണം പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. കാവ്യയ്ക്ക് ലഹരി മാഫിയയുമായി നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ സംശയം.
കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്ന് വടകര റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ലഹരി ശൃംഖലയുടെ മറ്റ് കണ്ണികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.