പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിലെ സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മായയ്ക്ക് 16 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥി റിയാ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.

വിമത കോൺഗ്രസ് അംഗങ്ങളായ അഞ്ചുപേരിൽ നാലുപേരും എൽ.ഡി.എഫിൻ്റെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. വിമത അംഗമായിരുന്ന ലിസിക്കുട്ടി മാത്യു ഇതിനിടെ ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ മാസം യു.ഡി.എഫ്. അധ്യക്ഷയായിരുന്ന ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസപ്രമേയത്തിലൂടെ പുറത്തായതോടെയാണ് നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായത്. എൽ.ഡി.എഫ്. കൊണ്ടുവന്ന പ്രമേയത്തെ അഞ്ച് യു.ഡി.എഫ്. അംഗങ്ങൾ പിന്തുണച്ചിരുന്നു. 26 അംഗ നഗരസഭയിൽ 17 വോട്ടിനാണ് അവിശ്വാസം പാസായത്.

ഡി.സി.സി. നേതൃത്വത്തിൻ്റെ വിപ്പ് മറികടന്ന് പ്രമേയത്തെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മായാ രാഹുലിനൊപ്പം ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരാണ് അന്ന് പ്രമേയത്തെ അനുകൂലിച്ചത്.

Related Posts