ശ്രീനാരായണ സമിതിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷ പരിപാടികളിൽ മാതൃപൂജ ശ്രദ്ധേയമായി. പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ എ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപ അനിൽ, വനിതാ വിഭാഗം ചെയർപേഴ്സൺ വത്സലാമോഹൻ, ജ്യോതിശ്രീ സത്യവാൻ, ശ്രീജ സുഗതൻ, സിന്ധു സുധീഷ്, രാജശ്രീ രാജ്മോഹൻ, അനിതാ രാജേന്ദ്രൻ, എസ് ബിനു, അനിൽ എസ് പണിക്കർ, മോഹനൻ, സുഗതൻ, സലീല മോഹൻ, സോന, സുശീല ഭാസ്കർ, മനോഹരി, സിംഷ ബാബുരാജ്, വിപിൻ ചെറുവള്ളിയിൽ, തുളസി സുരേഷ് എന്നിവർ മാതൃപൂജക്ക്‌ നേതൃത്വം നൽകി.

ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ സന്ദേശം, “നൽകിക്കൊണ്ട് നേടുക” എന്നതാണെന്നും, തങ്ങളുടെ കഴിവുകൾ സമൂഹത്തിൻ്റെ പുരോഗമനത്തിനു വേണ്ടി പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് എൻ രാജമോഹനൻ ആഹ്വാനം ചെയ്തു. വർദ്ധിച്ചു വരുന്ന വൃദ്ധസദനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രചോദനമാവണം ഈ മാതൃപൂജയും ആഘോഷങ്ങളുമെന്ന് ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ നിർദ്ദേശം നൽകി. ഭാരത വനിതകൾ ശക്തരാണെന്നും സമൂഹത്തിൻ്റെ നാനാവിധ മേഖലകളിൽ നിറസാന്നിധ്യമാണ് നമ്മുടെ വനിതകൾ എന്നും വനിതാ വിഭാഗം ചെയർപേഴ്സൺ വത്സലമോഹൻ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചു. പുതുതലമുറയ്ക്ക് കുടുംബ ബന്ധങ്ങളുടെ പവിത്രതയും ആവശ്യകതയും എന്തെന്ന് പ്രാഥമികമായി പഠിപ്പിക്കണമെന്ന് മുഖ്യപ്രഭാഷകരായ ഡോക്ടർ ശാലിനി ബാലൻ, സുധാ മനോഹരൻ, ജ്യോതിശ്രീ സത്യവാൻ എന്നിവർ പറഞ്ഞു.

ശ്രീനാരായണഗുരുദേവൻ്റെ ആശയ ആദർശങ്ങളെ പിന്തുടരുന്ന ശ്രീനാരായണ സമിതി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന പ്രസ്ഥാനമാണ്. സ്കൂൾതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വരുന്ന അധ്യായന വർഷത്തിലേക്കുള്ള പ്രോത്സാഹനമെന്നോണം പ്രസിഡന്റ് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട് എ ആർ സുനിൽകുമാർ എന്നിവർ ചേർന്ന് നോട്ടുബുക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. ശ്രീനാരായണ സമിതിയുടെ വൈറ്റ്ഫീൽഡിൽ സ്ഥിതിചെയ്യുന്ന എസ് എൻ വിദ്യാമന്ദിർ സ്കൂളിലെ ഏതാനും വിദ്യാർത്ഥികൾക്ക് നോട്ടുബുക്കും പഠനോപകരണങ്ങളും പ്രോത്സാഹനമായി നൽകുന്നതിനായി വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറിയും എസ് എൻ വിദ്യാമന്ദിർ ചെയർമാനുമായ എം കെ രാജേന്ദ്രന് കൈമാറി. അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ഈ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.

Related Posts