ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൗലി. മാത്യു തോമസ് നായകനാക്കി ചെയ്ത ഫാൻ്റസി ഴോണറായ സിനിമ തിയേറ്ററുകളിലെത്തി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മാത്യു തോമസിനൊപ്പം ലൗലി എന്ന ഈച്ചയുമുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഈച്ച പ്രധാന വേഷത്തിലെത്തുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷോര്‍ട് ഫിലിം ത്രെഡില്‍ നിന്നാണ് ലൗലി എന്ന സിനിമ സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് കരുണാകരന്‍ പറയുന്നത്.
മാത്യുവിനും ഈച്ചയ്ക്കും പുറമെ ചിത്രത്തില്‍ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിഷ്ണു വിജയും ബിജിബാലും സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിൻ്റെയും നേനി എൻ്റര്‍ടെയ്ന്‍മെൻ്റ്സിൻ്റെയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.