തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയിൽ 44.5 കിലോ കഞ്ചാവ്പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് ഡാന്‍സാഫ് സംഘം നാലരക്കിലോ കഞ്ചാവ് പിടികൂടിയത്. വട്ടിയൂര്‍ക്കാവ് സ്വദേശി ബിജു, തക്കല സ്വദേശി മുജീബ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുള്ള മറ്റൊരു സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്.

ഇവര്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന നടത്തവെയാണ് 40 കിലോ കഞ്ചാവുമായി പരുത്തിക്കുഴിയില്‍ വച്ച് രണ്ടാം സംഘത്തെയും കസ്റ്റഡിയില്‍ എടുക്കുന്നത്. കാറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ തന്നെയായിരുന്നു കഞ്ചാവ്. പൂജപ്പുര സ്വദേശി പ്രത്യുഷ്, കരിമഠം കോളനി സ്വദേശി അസറുദ്ദീന്‍ എന്നിവരായിരുന്നു രണ്ടാം സംഘത്തില്‍ ഉണ്ടായിരുന്നത്. ഒറീസ, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ചെറുകിട കച്ചവടത്തിനായി തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് കഞ്ചാവ്. നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ഡാന്‍സാഫ് സംഘത്തിൻ്റെ നീക്കം. വരുംദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Posts