മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് ഇഡി സമൻസ് അയയ്ക്കും. ജൂൺ 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. ടി.വീണ, ശശിധരൻ കർത്ത, ശരൺ.എസ്.കർത്ത എന്നിവർ അടക്കം ഒമ്പത് പേർക്കാണ് സമൻസ് അയയ്ക്കുക.
സിഎംആർഎൽ – എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള പ്രധാന രേഖകൾ എല്ലാം എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന് വിട്ടു കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇഡി നൽകിയ അപേക്ഷയിൽ കൊച്ചിയിലെ പിഎംഎൽഎ കോടതിയുടേതായിരുന്നു വിധി. 10 ദിവസത്തിനകം രേഖകൾ കോടതിയിൽ ഹാജരാക്കാനാണ് എസ്എഫ്ഐഒയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്. 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായ രേഖകളാണ് ഇഡിക്ക് കൈമാറേണ്ടി വരിക. എക്സാലോജിക്കുമായി ഉണ്ടാക്കിയ കരാറുകൾ, വീണയുടെ ഐടി റിട്ടേൺസ്, ബാങ്ക് സ്റ്റേറ്റ് മെന്റുകൾ, എന്നിവയെല്ലാം ഈ പട്ടികയിൽ ഉൾപ്പെടും.