താരസംഘടനയായ ‘അമ്മ’യിൽ ഇനി ഭാരവാഹിത്വ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനോ ചുമതലകൾ ഏറ്റെടുക്കാനോ താൽപര്യമില്ലെന്ന് നടി അൻസിബ ഹസൻ. സംഘടനയുടെ ഭാവി നേതൃത്വത്തിലേക്ക് ശക്തവും ആർജവമുള്ളതുമായ യുവതലമുറ കടന്നുവരട്ടെയെന്നും അവർ ആശംസിച്ചു.

സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അൻസിബ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണെന്നും അതിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അവർ കുറിച്ചു.

‘അമ്മ’യുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെയെന്നും പുതിയ നേതൃത്വത്തിന് എല്ലാ ആശംസകളും നേരുന്നതായും അൻസിബ പറഞ്ഞു. “മാറ്റം അനിവാര്യമാണ്; അത് കരുത്തുറ്റ യുവതലമുറയിൽ നിന്നാകട്ടെ” എന്ന സന്ദേശവും അവർ പങ്കുവെച്ചു.

അൻസിബയും നടൻ ടിനി ടോമും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരാതികളും സംഘടനയ്ക്കുള്ളിൽ ചർച്ചയായ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ശ്വേത മേനോൻ അധ്യക്ഷയായിരുന്ന 17 അംഗ ഭരണസമിതി രാജിവെച്ചതിന് പിന്നാലെയാണ് അൻസിബയുടെ പ്രതികരണം.

Related Posts