ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 3,000 കോടി രൂപ വിലമതിക്കുന്ന 526 കിലോ മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാൻ സ്വദേശികളെ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ നിരീക്ഷണത്തിനിടെയാണ് ഇറാൻ രജിസ്ട്രേഷനിലുള്ള മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ബോട്ട് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
ആറ് ചാക്കുകളിലായി പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്നത് ഹെറോയിനും മെത്താംഫെറ്റാമൈനുമാണ്. മയക്കുമരുന്നും ബോട്ടും പിടിയിലായ പാകിസ്ഥാൻ സ്വദേശികളെയും പിന്നീട് മുംബൈയിലെത്തിച്ചു. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
മയക്കുമരുന്ന് കടത്ത് വഴി ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനുള്ള ശ്രമത്തിൻ്റെ ഭാഗമായിരിക്കാം സംഭവമെന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രാഥമിക നിഗമനം. മയക്കുമരുന്നിൻ്റെ ഉറവിടം പാകിസ്ഥാനാണെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. എന്നാൽ മയക്കുമരുന്ന് എവിടേക്കാണ് എത്തിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഭീകരവാദത്തിനായുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനും സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും നടപടി നിർണായക നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.