കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ എണ്ണും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. 8.20 മുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെ ഫലം വന്ന് തുടങ്ങും. പിന്നാലെ നഗരസഭകളിലെ ഫലവും അറിയാം. മറ്റ് ഫലങ്ങള്‍ ഒമ്പതരക്ക് ശേഷമേ പ്രഖ്യാപിക്കൂ.
വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്ട്രോംഗ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക. വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിംഗ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേര് വോട്ട് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.