ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ് 2025, ഒക്ടോബർ 19-ന് ഞായറാഴ്ച രാവിലെ 8:30 മുതൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറും.
മാനവിക മൂല്യങ്ങളും ശാസ്ത്രീയ ബോധവും ഉയർത്തിപ്പിടിക്കുന്ന എസൻസ് ഗ്ലോബൽ (ESSENSE Global) ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകൾ, ചിന്തോദീപക പ്രഭാഷണങ്ങൾ, ചർച്ചകൾ, കലാപ്രകടനങ്ങൾ എന്നിവ ലിറ്റ്മസ് 2025 ലെ സമ്മേളനത്തിൽ ഉണ്ടാവും.
മത-മതേതര അന്ധവിശ്വാസങ്ങളെയും, ദൈവവിശ്വാസത്തിൻ്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക അനീതികളെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന സ്വതന്ത്രചിന്തകരുടെ ഈ വേദിയിൽ, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരും ശാസ്ത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുക്കും. എല്ലാവർഷവും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ സമ്മേളനം, യുക്തിചിന്ത, ശാസ്ത്രീയ അന്വേഷണബോധം, മാനവികത എന്നിവയുടെ മഹോത്സവമായി മാറുകയാണ്.
ലിറ്റ്മസ് 2025-ൽ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന സാമൂഹിക-മാനസിക വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. വ്യത്യസ്ത കാഴ്ച്ചപ്പാടുകളും ഉൾക്കാഴ്ചയുള്ള സംവാദങ്ങളും പങ്കുവെക്കപ്പെടുന്ന ഈ വേദി, സ്വതന്ത്രചിന്തയ്ക്കും വിമർശനാത്മക അന്വേഷണത്തിനും ധൈര്യം പകരുന്ന കൂട്ടായ്മ കൂടിയാണ്.