സുരഭിലം ഗ്ലോബലിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരി ലതാ നമ്പൂതിരിയുടെ 21 കഥകളുടെ സമാഹാരമായ ‘പറയാതെ പോയ കഥകൾ’ ബെംഗളൂരുവിൽ പ്രകാശനം ചെയ്തു. ആഗസ്റ്റ് 29ന് ഇന്ദിരാനഗർ റോട്ടറി ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി പുസ്തകം പ്രകാശനം ചെയ്തു. സുരഭിലം ഗ്ലോബൽ സ്ഥാപക ജനറൽ കൺവീനർ എസ്. കെ. നായർ ആദ്യപ്രതി ഏറ്റുവാങ്ങി. ബെംഗളൂരുവിലെ പ്രശസ്ത എഴുത്തുകാരി കെ.കവിത അധ്യക്ഷയായ സമ്മേളനത്തിൽ പ്രമുഖ നടിയും സാംസ്കാരിക പ്രവർത്തകയുമായ ശ്രീദേവി ഉണ്ണി മുഖ്യാതിഥിയായിരുന്നു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ കെ.ആർ.കിഷോർ പുസ്തകപരിചയം നടത്തി. ഇ.സി.എ. മുൻ അധ്യക്ഷൻ ഒപ്പത്ത് വിശ്വനാഥൻ ആമുഖഭാഷണം നിർവഹിച്ചു. സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, ഉണ്ണികൃഷ്ണൻ അരിക്കൊത്ത്, ബിനു ദിവാകരൻ, വിനു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബിന്ദു പി. മേനോനും നീതു കുറ്റിമാക്കലും കവിതാലാപനം നടത്തി.
‘പറയാതെ പോയ കഥകൾ’ എന്ന ശീർഷകം തന്നെ പുസ്തകത്തിൻ്റെ ആന്തരിക ഭാവലോകത്തിലേക്കുള്ള ഒരു ക്ഷണമാണെന്ന് അധ്യക്ഷപ്രസംഗത്തിൽ കെ. കവിത അഭിപ്രായപ്പെട്ടു. ജീവിതത്തിൻ്റെ തിരക്കുകളിൽ നാം പലപ്പോഴും കാണാതെ പോകുന്ന മനുഷ്യബന്ധങ്ങളെയും വികാരങ്ങളെയും ഓർമ്മകളെയും നിശ്ശബ്ദമായ അനുഭവങ്ങളെയും കഥയുടെ ഭാഷയിലൂടെ അടയാളപ്പെടുത്തുന്ന രചനകളാണ് സമാഹാരത്തിലുള്ളതെന്ന് പുസ്തകം പ്രകാശനം ചെയ്ത സുധാകരൻ രാമന്തളി പറഞ്ഞു. പറയാതെ പോയ വാക്കുകൾക്കും പങ്കുവയ്ക്കാതെ പോയ വേദനകൾക്കും മറഞ്ഞുപോയ സ്വപ്നങ്ങൾക്കും ഓർമ്മകളിൽ മങ്ങിപ്പോയ മുഖങ്ങൾക്കും കഥയുടെ കാൻവാസിൽ ഇടം നൽകുകയാണ് എഴുത്തുകാരിയെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ദൈനംദിന ജീവിതത്തിൻ്റെ നേർക്കാഴ്ചകളിൽ നിന്ന് കഥയുടെ വിത്തുകൾ കണ്ടെത്തുകയും സാധാരണ മനുഷ്യരുടെ അസാധാരണമായ അനുഭവങ്ങളെ ലളിതവും ഹൃദയസ്പർശിയുമായ ഭാഷയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന രചനാശൈലിയാണ് ലതാ നമ്പൂതിരിയുടെ കഥകളുടെ സവിശേഷത. വ്യക്തിജീവിതവും സാമൂഹിക യാഥാർഥ്യങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളും സ്ത്രീജീവിതത്തിന്റെ വിവിധ തലങ്ങളും ഓർമ്മകളുടെ നനവും ഈ കഥകളിൽ പ്രതിഫലിക്കുന്നു.
‘പറയാതെ പോയ കഥകൾ’ പറയാതെ പോയ ജീവിതങ്ങളുടെ ശബ്ദമായി, വായനക്കാരൻ്റെ മനസ്സിൽ ശേഷിക്കുന്ന ഓർമ്മകളുടെ അടയാളങ്ങളുമായി മലയാള സാഹിത്യലോകത്തേക്ക് എത്തുകയാണ്.
പുസ്തകപ്രകാശനത്തോടനുബന്ധിച്ച് നടന്ന മലയാള സാഹിത്യ-സാംസ്കാരിക കൂട്ടായ്മയിൽ ബെംഗളൂരുവിലെ നിരവധി എഴുത്തുകാരും വായനക്കാരും സാഹിത്യപ്രവർത്തകരും പങ്കെടുത്ത് ആശംസകൾ നേർന്നു. All India Malayalee Association (AIMA) യുടെ സഹകരണത്തോടെയാണ് പുസ്തകപ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.
മറുപടിപ്രസംഗത്തിൽ ലതാ നമ്പൂതിരി ബെംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചെത്തിയ സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും കവിതാലാപനം നടത്തിയവരെയും പ്രത്യേകം അഭിനന്ദിക്കുകയും എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
