പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റു മരിച്ചു. ഫിറോസ്പുരിൽ നിന്ന് ഏകദേശം 24 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ എഎപി നേതാവ് ഗുർപ്രീത് സിംഗ് ഗോപി ആണ് കൊല്ലപ്പെട്ടത്.

ഗുർപ്രീത് സിംഗ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തെ പിന്തുടർന്നെത്തിയ അക്രമികളാണ് വെടിയുതിർത്തത്. ബൈക്കിൽ ഗുർപ്രീതിനൊപ്പമുണ്ടായിരുന്ന ഹർപ്രീതിനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഗുർപ്രീതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹർപ്രീത് ചികിത്സയിൽ തുടരുകയാണ്. സംഭവസമയത്ത് മാംഡോട്ട് നഗർ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് ചിലരും ഗുർപ്രീതിൻ്റെ വാഹനത്തിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. അക്രമികൾ ഇവർ സഞ്ചരിച്ച കാറിന് നേരെയും വെടിയുതിർത്തു.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് അക്രമികളെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കി. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗുർപ്രീത് സിംഗ് ഗോപിയുടെ സഹോദരഭാര്യ മത്സരിച്ച് വിജയിച്ചിരുന്നു. സംഭവത്തിന് രാഷ്ട്രീയ ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts