ബെംഗളൂരുവിൻ്റെ ഗതാഗക്കുരുക്കഴിക്കാൻ ടണൽ റോഡുകളും ഡബിൾ ഡെക്കർ ഫ്ലൈഓവറുകളും നിർമിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബെംഗളൂരു നഗരത്തിലെ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ വർഷം 9,000 കോടി രൂപ ചെലവഴിക്കും. ഡൽഹിയിൽ നിന്ന് വ്യത്യസ്തമായി, ബെംഗളൂരു ഒരു ആസൂത്രിത നഗരമല്ല. ജയനഗർ, ഇന്ദിരാനഗർ, മല്ലേശ്വരം പോലുള്ള പ്രദേശങ്ങളിൽ മാത്രമേ നഗരാസൂത്രണം നടന്നിട്ടുള്ളൂ എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
ടണൽ റോഡുകൾ, ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ, ബഫർ റോഡുകൾ, എലിവേറ്റഡ് കോറിഡോറുകൾ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്. ബെംഗളൂരു നഗരത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി 110 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി നിർമിക്കും. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. പെരിഫറൽ റിങ് റോഡ് പദ്ധതി നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നതായിരുന്നുവെങ്കിലും അത് നടപ്പിലാക്കിയില്ലെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് രണ്ട് തുരങ്കപാതകൾ ആലോചനയിലുണ്ട്. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് റോഡിൻ്റെ വീതികൂട്ടൽ ഒരു മാർഗമല്ല. ഇതിനായി ഭൂമി ഏറ്റെടുക്കുകയെന്നത് ചെലവേറിയ കാര്യമാണ്. അതിനാൽ ടണൽ റോഡുകളാണ് ഉചിതമെന്ന് നിയമസഭാ കൗൺസിലിൽ ഡികെ ശിവകുമാർ പറഞ്ഞു. രണ്ട് തുരങ്ക റോഡുകൾ നഗരത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ട് തുരങ്ക റോഡുകളുടെയും ആകെ ദൈർഘ്യം 40 കിലോമീറ്ററായിരിക്കും. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 17 കിലോമീറ്റർ നീളവും വടക്ക് നിന്ന് തെക്ക് 23 കിലോമീറ്റർ നീളവുമാണ് ഈ റോഡുകൾക്ക് ഉണ്ടാകുക.