ബെംഗളൂരു ഒഴിഞ്ഞ കിടക്കുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽ നിന്ന് പിഴ ഈടാക്കുമെന്നു ബെംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ പറഞ്ഞു. “ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കിയില്ലെങ്കിൽ സ്ഥല ഉടമകളിൽനിന്ന് പിഴ ചുമത്തും. അല്ലെങ്കിൽ ഈ സ്ഥലങ്ങളുടെ നികുതിവരുമാനത്തിൽനിന്ന് വൃത്തിയാക്കാനുള്ള ചെലവുകൾ ഈടാക്കും.” സുനിൽ കുമാർ പറഞ്ഞു.
നിർമ്മാണ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ഉടനെ ശുചീകരണ പരിപാടി സംഘടിപ്പിക്കാൻ ഉദ്യോഗസ്ഥരോട് അദ്ദേഹം നിർദ്ദേശിച്ചു. ബ്യാട്ടരായനപുര, സർവജ്ഞനഗർ, പുലകേശിനഗർ ഡിവിഷനുകളുടെ അതിർത്തി പ്രദേശങ്ങളിലെ മുതിർന്ന പൗരന്മാർ ശുചിത്വക്കുറവിനെക്കുറിച്ച് മുമ്പ് പരാതികൾ ഉന്നയിച്ചിരുന്നു.
ബ്യാട്ടരായണപുര, പുലകേശിനഗർ, സർവജ്ഞനഗർ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിൽ, നിയമപരമായ പ്രശ്‌നങ്ങൾ മൂലമോ ഉടമകളെ കണ്ടെത്താനാകാത്തതിനാലോ പരിപാലിക്കപ്പെടാത്ത നിരവധി ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ വൃത്തിയാക്കാനും ശുചീകരണ ചെലവുകൾ നികുതിയിൽ ചേർക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയായിരുന്നു.