ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിൽ പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച യാത്രയ്ക്കിടെ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് ടിക്കറ്റ് നൽകാനാകില്ലെന്ന് കണ്ടക്ടർ പറഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പരാതി.

തുടർന്ന് വിദ്യാർഥിനിയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമർശം നടത്തുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. മറ്റ് ചില യാത്രക്കാരോടും കണ്ടക്ടർ മോശമായി പെരുമാറിയതായി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

പറവൂർ പൊലീസിൽ ലഭിച്ച പരാതി കെഎസ്ആർടിസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് സിഎംഡിയുടെ നിർദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയായിരുന്നു.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു. യാത്രക്കാരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും ഇത്തരം പരാതികളിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിദ്യാർഥിനിയുടെ പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുക്കുമെന്ന് പറവൂർ പൊലീസ് അറിയിച്ചു.

Related Posts