കർണാടകയിലെ ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി.പി. ജോൺ. അപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന് പഴക്കമില്ലെന്നും സാങ്കേതികമായി കാലപ്പഴക്കം സംബന്ധിച്ച പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നനാണെന്നും മന്ത്രി പറഞ്ഞു. 16 മണിക്കൂർ ഇടവേളയ്ക്ക് ശേഷമാണ് ഡ്രൈവർ വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്നും, അതിനാൽ ആവശ്യമായ വിശ്രമം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡ്രൈവറുടെ ജോലി സമയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങളിൽ വസ്തുതയില്ലെന്നും നിയമപരമായി വീഴ്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയ ഡ്രൈവറെ അതേ രാത്രി തന്നെ ബെംഗളൂരു സർവീസിനായി നിയോഗിച്ചുവെന്നും മതിയായ വിശ്രമം ലഭിച്ചില്ലെന്നുമായിരുന്നു പ്രധാന ആരോപണം.
സ്ഥിരം ജീവനക്കാരന് പകരം താൽക്കാലിക ജീവനക്കാരനാണ് ബസ് ഓടിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ തള്ളുന്നതായും, സംഭവത്തിൽ ആവശ്യമായ പരിശോധനകൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.