കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷനെ അടിയന്തരമായി നിയമിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാകുന്നതിനിടെയാണ് കൂടിക്കാഴ്ച.

കോൺഗ്രസ് ദേശീയ നേതൃത്വം വിളിച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്ന് വൈകീട്ട് ഡൽഹിയിലെത്തും. കോൺഗ്രസ് മുഖ്യമന്ത്രിമാരെയും പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരെയും ഉൾപ്പെടുത്തി രാഹുൽ ഗാന്ധിയാണ് യോഗം വിളിച്ചിരിക്കുന്നത്.

യോഗത്തിനിടെ കേരളത്തിലെ കെപിസിസി അധ്യക്ഷ നിയമന വിഷയവും വി ഡി സതീശൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് മുഴുവൻ സമയ സ്ഥിരം അധ്യക്ഷനെ എത്രയും വേഗം നിയമിക്കണമെന്ന ആവശ്യം നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും ഉയർന്നിരുന്നു.

സർക്കാരും പാർട്ടിയും തമ്മിൽ ആവശ്യമായ ഏകോപനമില്ലെന്ന വിമർശനം കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് എത്രയും വേഗം മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുമെന്നാണ് സൂചന.

അതേസമയം, കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Posts