കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ച ഭീകരരുടെ രേഖാചിത്രത്തിനു പുറമെ അക്രമികൾ 4 പേർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തുവിട്ടു. രേഖാചിത്രത്തിലുള്ള ആസിഫ് ഫൗജ്, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ചിത്രത്തിലെ മൂന്നുപേർ. നാലാമൻ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. 6 പേരാണ് പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
ഇതിൽ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. രേഖാചിത്രം പുറത്തുവിട്ട മൂന്ന് പേരും ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളാണ്. നിരോധിത ഭീകരസംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമാണ് റെസിസ്റ്റൻസ് ഫ്രണ്ട്. തിരച്ചിലിനിടെ ബാരാമുല്ലയിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
ഭീകര ആക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്കറെ ത്വയ്യിബ കമാൻഡർ സെയ്ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. ആക്രമണത്തിൻ്റെ ഭാഗമായ ഭീകരരിൽ പലരും സമീപകാലത്ത് പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നും ലഷ്കർ ഭീകരൻ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണ് ആക്രമണം ആസൂത്രണം ചെയ്ത സെയ്ഫുല്ല കസുരിയെന്നും അധിക്യതർ വിശദീകരിച്ചു.