തുംകൂർ റോഡിലെ നാഗസാന്ദ്രയിലുള്ള പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്ട്മെൻറ് മലയാളി കൂട്ടായ്മയായ കേരളീയത്തിൻ്റെ 5 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷം ‘ഓണവിസ്മയം -2026’ ന് ജൂലൈ 26 ഞായറാഴ്ച തുടക്കമായി.

ഓണപ്പാട്ട് മത്സരവും പായസം മേക്കിങ് മത്സരവും ഇന്നലെ അപാർട്മെന്റിലെ ക്ലബ്‌ ഹൌസിൽവെച്ച് നടന്നു. ഓണപ്പാട്ട് മത്സരത്തിൽ അരുൺവൈദ്യൻ, ഗായത്രി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്തമാക്കി. 11 പേർ പങ്കെടുത്ത പായസ മത്സരത്തിൽ ശ്രീകല, മുംതാസ്, ലക്ഷ്മി രാജു എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് അർഹരായി. ശബരി സ്കൂൾ ഡയറക്ടറും പ്രിൻസിപ്പളും ആയ ദേവകി അന്തർജനം, ഹലോ കാറ്റേറേഴ്സ് ഉടമ ജയ തിലകൻ എന്നിവർ പായസ മത്സരത്തിൻ്റെയും ആതിര മധു, ഷീജ എന്നിവർ പാട്ടുമത്സരത്തിൻ്റെയും വിധികർത്താകളായി.

ഓഗസ്റ്റ് 1 ശനിയാഴ്ച കലാമണ്ഡലം ആദിത്യൻ ടീം അവതരിപ്പിക്കുന്ന പൂതനാമോക്ഷം കഥകളി, 2ന് ഓണത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങൾ, വടംവലി മത്സരം, ആഗസ്റ്റ് 8 ശനിയാഴ്ച തീറ്റ മത്സരം, പൂക്കള മത്സരം, അപാർട്മെന്റ് നിവാസികളുടെ കലാപരിപാടികൾ, 9 ഞായറാഴ്ച പുലിക്കളിയോടെയുള്ള ഘോഷയാത്ര, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ഓഗസ്റ്റ് 9ന് നടക്കുന്ന മെഗാ മ്യൂസിക്കൽ പ്രോഗ്രാമിനോടു കൂടി ഈ വർഷത്തെ ഓണാഘോഷം സമാപിക്കുമെന്ന് സംഘടകർ അറിയിച്ചു.

Related Posts