കേരളസമാജം ദൂരവാണിനഗർ (രജി) കേരള സർക്കാർ പ്രവാസികൾക്കായി നോർക്ക കെയർ പ്ലസ് എന്ന സമഗ്ര ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള ബോധവൽക്കരണവും എൻറോൾമെന്റ് ക്യാമ്പും സംഘടിപ്പിച്ചു. 80 വയസ്സു വരെയുള്ളവർക്ക് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് സ്കീമിൻ്റെ വിവിധ വശങ്ങൾ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ വിശദീകരിച്ചു.

സ്വകാര്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം താരതമ്യപ്പെടുത്തിയാൽ വളരെ കുറവാണ് നോർക്ക കെയർ പ്ലസ് പദ്ധതിയുടെ പ്രീമിയം എന്ന് പ്രസിഡണ്ട് വ്യക്തമാക്കി. കൂടാതെ മെഡിക്കൽ ചെക്കപ്പൊ രോഗങ്ങളുടെ ഡിക്ലറേഷനൊ ഇല്ലാതെ നിലവിൽ രോഗങ്ങൾ ഉള്ളവർക്കും പദ്ധതിയിൽ അംഗമാകാനും യാതൊരു തടസ്സവുമില്ലാതെ കാഷ് ലെസ്സ് ട്രീറ്റ്മെന്റോ, റിഇമ്പർസ്മെന്റോ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
80 വയസ്സു വരെയുള്ള മാതാപിതാക്കൾക്കും അല്ലെങ്കിൽ പങ്കാളിയുടെ മാതാപിതാക്കൾക്കും പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപാധ്യക്ഷൻ എം പി വിജയൻ നോർക്ക കെയറിൽ അംഗമായതിനുശേഷം ഉള്ള അദ്ദേഹത്തിൻ്റെ അനുഭവം വിശദീകരിച്ച് സംസാരിച്ചു. തുടർന്ന് സമാജത്തിൻ്റെ യുവജന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ എൻറോൾമെന്റും രജിസ്ട്രേഷനും നടത്തി.

യുവജന വിഭാഗത്തിലെ അബ്ദുൽ വാഹീദ്, അഭിജിത്ത്, അർഷരാജ്, ആർദ്ര രാജ്, ഷമീമ, രാഹുൽ സി ആർ, അബ്ദുൽ അഹദ്, എന്നിവർ നേതൃത്വം നൽകി. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, സമാജം എഡുക്കേഷൻ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം കെ ചന്ദ്രൻ, ജോയിന്റ് സെക്രട്ടറിമാരായ പി സി ജോണി, ബിനോ ശിവദാസ് എന്നിവരും സന്നിഹിതരായിരുന്നു.

Related Posts