കേരള സമാജം (ആർ) ബെംഗളൂരു മാഗഡി റോഡ് സോൺ സംഘടിപ്പിക്കുന്ന ഓണോത്സവ് ’26 സ്പോർട്സ് മീറ്റ് ഓഗസ്റ്റ് 16 ഞായറാഴ്ച സിൻഡിക്കേറ്റ് ബാങ്ക് ലേഔട്ട്, ആന്ദ്രഹള്ളി റോഡിലുള്ള ഗ്രൗണ്ടിൽ നടക്കും. സമാജം അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് കായികമേള ഒരുക്കിയിരിക്കുന്നത്.
രാവിലെ 8.00-ന് ഉദ്ഘാടനച്ചടങ്ങോടെ പരിപാടികൾ ആരംഭിക്കും. 8.30 മുതൽ വിവിധ കായിക മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് 12.30-ന് മത്സരങ്ങൾ സമാപിച്ച് സമാപന സമ്മേളനവും നന്ദിപ്രകടനവും നടക്കും.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ പ്രായവിഭാഗങ്ങളിലായി നിരവധി മത്സരങ്ങൾ സ്പോർട്സ് മീറ്റിനോടനുബന്ധിച്ചു നടക്കും. ചോക്ലേറ്റ് കളക്ഷൻ, ബലൂൺ ബർസ്റ്റ്, ലെമൺ & സ്പൂൺ റേസ്, ഓട്ടമത്സരം, എയ്മിംഗ് വിക്കറ്റ്, സാക്ക് റേസ്, ത്രീ-ലെഗ് റേസ്, ഷോട്ട്പുട്ട്, വടംവലി, ബിസ്കറ്റ് ഈറ്റിംഗ്, കുളംകര തുടങ്ങിയ മത്സരങ്ങൾ കായികമേളയുടെ ഭാഗമാകും.
യൂത്ത് വിങ്ങിൻ്റെ നേതൃത്വത്തിൽ പ്രമോദാണ് പരിപാടിയുടെ ഏകോപനം നിർവഹിക്കുന്നത്. ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
മത്സരാർത്ഥികൾക്കും പങ്കെടുക്കുന്നവർക്കുമായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വേദിയിൽ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായി കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്.