കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസിൻ്റെ ഈ വർഷത്തെ പ്രവേശനോത്സവം നാളെ നടക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ സമാജം ഹാളിലാണ് പരിപാടി.
പുതുതലമുറയ്ക്ക് മലയാള ഭാഷയും കേരളത്തിൻ്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുകയും അവരിൽ ഭാഷയോടും സംസ്കാരത്തോടുമുള്ള താൽപര്യം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. മലയാളം മിഷനും കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റും സംയുക്തമായി നടത്തുന്ന മലയാളം ക്ലാസിൽ നിലവിൽ 50ലധികം കുട്ടികൾ പഠിച്ചുവരുന്നു.
പ്രവേശനോത്സവത്തിൽ കേരള മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് ദാമോദരൻ മാസ്റ്റർ, കൺവീനർ ടോമി ആലുങ്കൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സമാജം പ്രസിഡണ്ട് ആർ. മുരളീധർ അധ്യക്ഷത വഹിക്കും.
ബിന്ദു ഗോപാലകൃഷ്ണൻ, അനിത രാജേഷ്, മൃദുല, ബിന്ദു തമ്പാൻകുട്ടി, വിശ്വംഭരൻ, അക്ഷയ് കുമാർ, കെ.പി. അശോകൻ, അശോക് കുമാർ, കെ. ശശി, വിജയൻ പിള്ള, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.
മലയാള ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കുട്ടികളെ മലയാളം മിഷൻ ക്ലാസുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.