സംസ്ഥാനത്ത് മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട് ആണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയും ഒഴികെ ബാക്കി എല്ലാ ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്.

കനത്ത കാറ്റിലും മഴയിലും കണ്ണൂര്‍ മാടായിയില്‍ കൂറ്റന്‍ പന്തല്‍ തകര്‍ന്നുവീണു. മാടായി ഫെസ്റ്റിനായി മാടായിപ്പാറയില്‍ നിര്‍മിച്ചിരുന്ന പന്തലാണ് തകര്‍ന്നു വീണത്. കോഴിക്കോട് വടകര വില്ല്യാപ്പള്ളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിലേക്ക് തെങ്ങ് വീണ് സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു. കുന്നുമ്മായിൻ്റെ വിട മീത്തല്‍ പവിത്രന്‍ ആണ് മരിച്ചത്. ഉരുള്‍പൊട്ടല്‍ ഭീതിയെത്തുടര്‍ന്ന് വിലങ്ങാട് മഞ്ഞച്ചീളിയില്‍നിന്നും 9 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

കനത്ത മഴയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ മതില്‍ ഇടിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുനമ്പം ഹാര്‍ബറിനകത്ത് മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. അഞ്ചോളം വാഹനങ്ങളാണ് മരം വീണ് തകര്‍ന്നത്. ശബരിമല പാതയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കണമല മുതല്‍ ഇലവുങ്കല്‍ വരെയാണ് മരങ്ങള്‍ വീണത്. കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപുഴയില്‍ വീടിനു മുകളില്‍ അടുത്ത വീടിൻ്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു. കുഞ്ഞിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Related Posts