കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ തകർച്ചയിലെന്ന് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം. സംസ്ഥാനത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി ഉയർന്നെന്നും, ട്രഷറി പ്രവർത്തനങ്ങൾ പോലും കടുത്ത പ്രതിസന്ധിയിലാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. കൂടാതെ ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശ്ശികയിനത്തിൽ മാത്രം ₹48,733 കോടിയുടെ ബാധ്യത പുതിയ സർക്കാർ ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. സംസ്ഥാനത്തിൻ്റെ മൊത്തം വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി നീക്കിവെക്കേണ്ടി വരുന്നു. ഇതോടെ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക ആരോഗ്യം കഴിഞ്ഞ ഒരു ദശാബ്ദമായി ക്രമേണ വഷളായെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2024-25 കാലയളവിൽ 12 മാസത്തിൽ 10 മാസവും ട്രഷറി നെഗറ്റീവ് ബാലൻസിലായിരുന്നു. ദൈനംദിന ചെലവുകൾക്കായി റിസർവ് ബാങ്കിൻ്റെ ‘വേയ്‌സ് ആൻഡ് മീൻസ്’, ‘ഓവർഡ്രാഫ്റ്റ്’ സൗകര്യങ്ങളെയാണ് സർക്കാർ ആശ്രയിക്കുന്നത്. വർഷാവസാനം കാണിക്കുന്ന ചെറിയ പോസിറ്റീവ് ബാലൻസ് പോലും വായ്പകൾ എടുത്തുകൊണ്ട് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സ്ഥിതി അതീവ ഗുരുതരമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തെ കരകയറ്റാൻ വ്യവസായ വികസനം, സ്വകാര്യ നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സാമ്പത്തിക അച്ചടക്കവും സുതാര്യതയും അടിയന്തരമായി ഉറപ്പാക്കിയില്ലെങ്കിൽ കേരളത്തിൻ്റെ വികസന ലക്ഷ്യങ്ങൾ തകരുമെന്നും ധവളപത്രം മുന്നറിയിപ്പ് നൽകുന്നു.

കെഎസ്ആർടിസി, കെഡബ്ല്യുഎ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം ₹78,851 കോടിയായി ഉയർന്നു. കിഫ്ബിക്ക് നിലവിൽ ₹21,000 കോടിയുടെ വായ്പാബാധ്യതയുണ്ട്. ഇവ യഥാർത്ഥത്തിൽ സംസ്ഥാനത്തിൻ്റെ കടം തന്നെയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. പട്ടികജാതി, പട്ടികവർഗം, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കുള്ള പദ്ധതി വിഹിതത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ കുറവ് വരുത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

Related Posts