പാർട്ടിയെയും നേതാക്കളെയും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രതിചേർത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ ജനങ്ങൾക്ക് ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്നും അത് ജനങ്ങൾ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
‘കൊടകര കുഴൽപ്പണ കേസിൽ ഉൾപ്പെട്ടവരെ രക്ഷപ്പെടാൻ സഹായിച്ചവരാണ് ഇഡി. കൈക്കൂലി ചോദിച്ചുവാങ്ങി മുന്നോട്ടു പോകുന്നവരാണ് അവർ. കഴിഞ്ഞ 10 വർഷത്തിനിടെ ഇഡി എടുത്തത് 193 കേസുകളാണെന്ന് ലോക്‌സഭയിലും രാജ്യസഭയിലും മന്ത്രി പറഞ്ഞ കണക്കുണ്ട്. എന്നാൽ, അതിൽ ശിക്ഷിക്കപ്പെട്ടത് 2 കേസുകൾ മാത്രമാണ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാന്‍ രാഷ്ട്രീയ പ്രേരിതമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഒരു തെളിവുമില്ലാതെ കേസുണ്ടാക്കുന്നു. ഇടതുമുന്നണിക്കെതിരേയും സിപിഎമ്മിനെതിരേയും ശക്തമായ കള്ളക്കഥ തയ്യാറാക്കി ഇഡി കേസ് കൈകാര്യം ചെയ്യുന്നു.
കരുവന്നൂർ കേസിൽ സിപിഎം തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയും വെറുതേ വിട്ടിട്ടില്ല. എന്നാൽ, ഇത് പാർട്ടിയുടെ മേൽ കെട്ടിവെയ്ക്കാനായി പാർട്ടിയെ പ്രതിയാക്കുന്നു. പാർട്ടിയുടെ ജില്ലാ സെക്രട്ടറിമാരായിരുന്ന 3 നേതാക്കളെയും പ്രതിയാക്കി. ഇതുപോലെ ഓരോരോ ഇല്ലാക്കഥ പറഞ്ഞ് സിപിഎമ്മിനെയും എൽഡിഎഫിനെയും പ്രതിക്കൂട്ടിൽ നിർത്താമെന്നാണ് ഇഡി ധരിക്കുന്നതെങ്കിൽ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങൾ നൽകും. അതിശക്തമായ ജനകീയ പിന്തുണയോടെ കേസിനെ നിയമപരമായും രാഷ്ട്രീയമായിട്ടും നേരിടും. ഇതുകൊണ്ടൊന്നും സിപിഎമ്മിനെയോ എൽഡിഎഫിനെയോ ഏതെങ്കിലും രീതിയിൽ പോറലേൽപ്പിക്കാൻ കഴിയുമെന്ന തെറ്റിദ്ധാരണ ഇഡിയ്ക്കും വേണ്ട, കേന്ദ്രസർക്കാരിനും വേണ്ട. ഇതുകൊണ്ടൊന്നും ഞങ്ങളുടെ വോട്ടൊന്നും മാറില്ല.
കള്ളത്തരം പ്രചരിപ്പിക്കുകയും കള്ളത്തരത്തെ അടിസ്ഥാനപ്പെടുത്തി നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഏജൻസിയാണ് ഇഡിയെന്ന് ആർക്കാണ് അറിയാത്തത്. അത് എല്ലാവർക്കും പകൽവെളിച്ചം പോലെ അറിയാം. ജനങ്ങളുടെ മുന്നിൽ ഇത് കൃത്യമായി തുറന്നു പറഞ്ഞ് മുന്നോട്ടു പോകും. ഒരു അന്വേഷണത്തിലും ഇഡി ഒന്നും കണ്ടെത്തിയിട്ടില്ല. ആരാണ് ഇഡിയുടെ കണ്ടെത്തൽ ഇവിടെ അംഗീകരിക്കുന്നത്. അവർ ശുദ്ധ അസംബന്ധം പറയുന്നു. അത് ന്യായീകരിക്കാൻ കുറേ മാധ്യമങ്ങളും. ഇതുകൊണ്ട് ഒരു പ്രത്യാഘാതങ്ങളും ഉണ്ടാകില്ല”, എം.വി. ഗോവിന്ദൻ പറഞ്ഞു.