വിവിധ യാത്രാ പ്രശ്നങ്ങൾ ഉന്നയിച്ചു കർണാടക പ്രവാസി കോൺഗ്രസ് കേരള മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി.

ബന്ദിപ്പൂർ വഴിയുള്ള രാത്രികാല ബസ് സർവീസുകൾ വർദ്ധിപ്പിക്കുക, കേരള ആർ.ടി.സിയുടെയും കർണാടക ആർ.ടി.സിയുടെയും നിലവിലുള്ള രാത്രികാല സർവീസുകൾ 8ൽ നിന്ന് കുറഞ്ഞത് 16 ബസുകളായി ഉയർത്തുക, വാരാന്ത്യങ്ങളിലും, അവധി ദിവസങ്ങളിലും, ഉത്സവ സീസണുകളിലും അധികമായി ബസുകൾ അനുവദിക്കുക, ബെംഗളൂരുവിൽ നിന്ന് നേരിട്ട് ശബരിമലയിലേക്ക് സർവീസുകൾ പുനരാരംഭിക്കുക, ശബരിമല സീസണിൽ നേരിട്ടുള്ള ബെംഗളൂരു – പമ്പ/ശബരിമല സർവീസുകൾ പുനരാരംഭിക്കുക, തകരാറുകൾ മൂലമുണ്ടാകുന്ന സർവീസ് തടസ്സങ്ങൾ ഒഴിവാക്കാൻ ആവശ്യത്തിന് സ്പെയർ ബസുകൾ അനിവദിക്കുക, ബെംഗളൂരു – എറണാകുളം, ബെംഗളൂരു – കണ്ണൂർ റൂട്ടുകളിൽ പുതിയ പ്രഭാത സർവീസുകൾ ആരംഭിക്കുക, ബെംഗളൂരുവും കേരളത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളും, കേരളവും കർണാടകയിലെ പ്രധാന സ്ഥലങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങളാണ് നിവേദനത്തിൽ പറയുന്നത്.

ബെംഗളൂരുവിനും എറണാകുളത്തിനും ഇടയിൽ രണ്ടാമത്തെ പ്രതിദിന വന്ദേഭാരത് എക്സ്പ്രെസ്സ് ആരംഭിക്കുക, വന്ദേ ഭാരത് കോച്ച് ശേഷി 8ൽനിന്ന് 16 ആയി വർദ്ധിപ്പിക്കുക, വാരാന്ത്യ-സീസണൽ സ്പെഷ്യൽ ട്രെയിനുകൾ അവതരിപ്പിക്കുക, വെള്ളിയാഴ്ചകളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പ്രതിവാര പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക, ഞായറാഴ്ചകളിൽ എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് റിട്ടേൺ സർവീസുകൾ നടത്തുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.

യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകയുമായി കൈകോർത്ത് നടപടികൾ സ്വീകരിക്കുമെന്ന് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, കർണാടക പ്രവാസി കോൺഗ്രസ് ഭാരവാഹികളോട് പറഞ്ഞു. ഇതിനായി ഉടൻതന്നെ മലയാളി കൂട്ടായ്‌മകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസി മലയാളി കോൺഗ്രസ് പ്രസിഡണ്ട് അഡ്വ.സത്യൻ പുത്തൂർ, സെക്രട്ടറി വിനു തോമസ്, മെറ്റി ഗ്രേസ്, ടോംസ് മാത്യു, ജെയ്സൺ ലൂക്കോസ്, ഡോ.നകുൽ ബി കെ, വി ടി തോമസ്, അലക്സ് ജോസഫ്, ജോഷി കെ ജോസഫ്, മനീഷ് കെ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Related Posts