കർണാടകയിലെ മൾട്ടിപ്ലക്സുകൾ ഉൾപ്പെടെയുള്ള എല്ലാ സിനിമ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് ഏകീകരിക്കാനൊരുങ്ങി കർണാടക സർക്കാർ. സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് ഉയർന്ന തോതിലാണെന്ന പരാതി തുടരുന്നതിനിടെയാണ് സിനിമ പ്രേമികൾക്ക് സന്തോഷകരമാകുന്ന തീരുമാനം സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടായത്.
എല്ലാ തിയേറ്ററുകളിലുമുള്ള ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഈ നിർദേശം കർണാടകയിൽ പ്രദർശിപ്പിക്കുന്ന എല്ലാ ഭാഷകളിലെയും സിനിമകൾക്ക് ബാധകമാണ്. സിനിമ ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിൽ മുൻപ് പരിധി നിശ്ചിയിച്ചിരുന്നുവെങ്കിലും കർശനമാക്കിയിരുന്നില്ല.
ടിക്കറ്റ് നിരക്ക് ബെംഗളൂരു നഗരത്തിൽ കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. 600 രൂപയ്ക്ക് ചില സിനിമകളുടെ ടിക്കറ്റ് വിറ്റു. പ്രേക്ഷകർക്ക് താങ്ങാനാകുന്ന നിരക്കിലാകണം ടിക്കറ്റ് നൽകേണ്ടത്. സംസ്ഥാനത്തുടനീളമുള്ള ടിക്കറ്റ് വില ഏകീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഉടൻ സംസ്ഥാനമെമ്പാടും പുതിയ നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.