സെൻസർ ബോർഡ് ‘ജെഎസ്കെ-ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതായി ഹൈക്കോടതിയിൽ അറിയിച്ചു. തുടർന്ന് സിനിമ വ്യാഴാഴ്ച പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കളും അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ജാനകി എന്ന പേരിൻ്റെ പേരിൽ പ്രദർശനാനുമതി നിഷേധിച്ചതിനെതിരേ നിർമ്മാതാക്കൾ നൽകിയ ഹർജി തീർപ്പാക്കി.
സെൻസർ ബോർഡ് ടീസറിന് നേരത്തെ അനുമതി നൽകിയിരുന്നു. മുൻപേ ഇറക്കിയ പോസ്റ്ററിലും ടീസറിലും ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതിന്റെ പേരിൽ ഹർജിക്കാർക്കെതിരേ നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണിത്. സെൻസർ ബോർഡ് എതിർപ്പുന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.