ബെംഗളൂരു സഹകാർ നഗറിൽ ജിമ്മിൻ്റെ വാർഷികാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 25കാരനായ ജിം ട്രെയിനർ കൊല്ലപ്പെട്ടു. നന്തൻ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സുഹൃത്തുക്കളെ അമൃതഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാത്രി സഹകാർ നഗറിലെ അപ്പാർട്ട്മെന്റിൻ്റെ 16-ാം നിലയിലെ ഫ്ലാറ്റിലായിരുന്നു ജിം വാർഷികാഘോഷം. ആഘോഷത്തിനിടെ നിസാരകാര്യത്തെ ചൊല്ലി നന്തനും വിശ്വനാഥും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വിശ്വനാഥിൻ്റെ ശിഷ്യനെന്ന് വിളിച്ചതിനെ നന്തൻ എതിർത്തതോടെ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയെന്നാണ് വിവരം.

ഫ്ലാറ്റിലെ ബാത്ത്റൂമിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിനിടെ ഗ്ലാസ് വസ്തു ഉപയോഗിച്ചുള്ള ആക്രമണത്തിൽ നന്തൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറയുന്നു. അമിതമായി രക്തസ്രാവമുണ്ടായിട്ടും ഉടൻ ആശുപത്രിയിലെത്തിക്കുകയോ ആവശ്യമായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തൽ.

നിരവധി മണിക്കൂറുകൾക്ക് ശേഷമാണ് നന്തനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ഉടൻ ചികിത്സ ലഭിച്ചിരുന്നെങ്കിൽ നന്തൻ്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അമൃതഹള്ളി പൊലീസ് അറിയിച്ചു.

നന്തൻ്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു. സംഭവസമയത്ത് ഫ്ലാറ്റിലുണ്ടായിരുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. സംഘർഷം എങ്ങനെ ആരംഭിച്ചു, നന്തനെ ആരാണ് ആക്രമിച്ചത്, പരിക്കേറ്റ സമയത്ത് ആരൊക്കെയാണ് സമീപത്തുണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

സംഭവത്തെക്കുറിച്ച് പൊലീസ് വിളിച്ചറിയിച്ചതിന് ശേഷമാണ് കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയത്. നന്തന് ഗുരുതരമായി പരിക്കേറ്റ വിവരം കുടുംബം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുടുംബത്തിലെ ഏക മകനായ നന്തൻ ഉത്തരവാദിത്തത്തോടെ ജീവിച്ചിരുന്ന യുവാവായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Related Posts