സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് യശ്വന്തപുരം സ്ഥാനീയ സമിതി, മൈത്രി മാതൃ സമിതി, അഭിമന്യു ബാലഗോകുലം എന്നിവയുടെ നേതൃത്വത്തിൽ നാളെ ശോഭായാത്രയും അനുബന്ധ ഭക്തിപരിപാടികളും സംഘടിപ്പിക്കും.
വൈകിട്ട് 4 മണിക്ക് മത്തിക്കെരെ എസ്.ബി.എം. കോളനിയിലെ ദക്ഷിണാഭിമുഖ ഗണേശക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര, കൃഷ്ണൻ, രാധ, ഗോപ – ഗോപികാദി കഥാപാത്രങ്ങളായി വേഷം ധരിച്ച ബാലിക ബാലന്മാരുടെ സാന്നിധ്യത്തിലും, താലപ്പൊലി – വാദ്യമേളങ്ങളുടെ ഘോഷത്തിലും, ഭക്തിസംഗീതത്തിൻ്റെ ഭംഗിയിലും ഭക്തിസാന്ദ്രമാകും. യാത്ര മത്തിക്കെരെ ജംഗ്ഷനിലൂടെ സഞ്ചരിച്ചു മുത്യാലമ്മ നഗർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും. ശോഭയാത്രയ്ക്ക് ശേഷം ഭജന, ഉറിയടി, നൃത്താവതരണങ്ങൾ, പ്രസാദവിതരണം, പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാന വിതരണം തുടങ്ങിയ പരിപാടികളും അരങ്ങേറും.
കൃഷ്ണൻ, രാധ എന്നിവരുടെ വേഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ മുൻകൂട്ടി സംഘാടകരെ അറിയിക്കണമെന്നും രക്ഷിതാക്കൾ കുട്ടികളെ പൂർണ്ണ വേഷവിധാനങ്ങളോടെ എത്തിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. പൂര്‍ണ വേഷങ്ങളുമായി എത്തുന്നവര്‍ക്ക് ഒരുങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 93410 76699, 98954 67014.
……………………………
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14ന് ഞായറാഴ്‌ച സംഘടിപ്പിക്കും. രഥം, വിവിധ കൃഷ്ണ ഗോപിക വേഷങ്ങൾ, നൃത്തരൂപങ്ങൾ, ഉറിയടി, പ്ലോട്ടുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9916738158.
……………………………
കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗത്തിൻ്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം വിപുലമായ പരിപാടികളോടുകൂടി നാളെ ആഘോഷിക്കും. പീതാംബരികളായ ഉണ്ണിക്കണ്ണൻമാർ, രാധാകൃഷ്ണ വേഷങ്ങൾ, ഭാരത് മാതാ, പുണ്യപുരാണ വേഷങ്ങൾ, പുഷ്പാലങ്കൃത രഥം, ശിങ്കാരിമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടി സന്തോഷനഗറിൽ മന്നം സദനത്തിൽ നിന്നും വൈകിട്ട് 4:00 മണിക്ക് ആരംഭിക്കുന്ന അഷ്ടമിരോഹിണി യാത്ര രാത്രി 7 മണിയോടുകൂടി ജലഹള്ളി ശ്രീ അയ്യപ്പൻ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. ഉണ്ണിക്കണ്ണൻമാരുടെ ഉറിയടി, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.
അന്വേഷണങ്ങൾക്ക് വിളിക്കുക 70225 31677
…………………………….
രാമചന്ദ്രപുര – ഗംഗമ്മ ടെംപിൾ ഏരിയ ശ്രീ അയ്യപ്പ സേവാസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 മണിക്ക് രാമചന്ദ്രപുര ശ്രീ മുനേശ്വര ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയോടനുബന്ധിച്ചു കൃഷ്ണ-ഗോപിക വേഷം, ഉറിയടി എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 98860 32931, 97408 63336.