നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് വഴിനടത്തുമെന്നും ഡോ കെ എസ് രവികുമാർ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സംവാദത്തിൽ “എഴുത്തിൻ്റെയും നിരൂപണത്തിൻ്റെയും വർത്തമാനം” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരൂരിൻ്റെ “ഉതുപ്പാൻ്റെ കിണർ” എന്ന കഥയിലെ ആരോരുമില്ലാത്ത ഇല്ലായ്മയും വല്ലായ്മയും അനുഭവിച്ച് ജീവിച്ച ഉതുപ്പാൻ എന്ന കഥാപാത്രം നാട്ടുകാർക്ക് വെള്ളം നൽകാൻ, തൻ്റെ ഉള്ള സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഒരു കിണർ കുഴിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്നു. നഗരത്തിൽ പൈപ്പ് ലൈൻ വഴി വെള്ളം ലഭിക്കാൻ തുടങ്ങിയതോടെ തൻ്റെ നന്മ നിറഞ്ഞ പ്രവർത്തി അപ്രസക്തമായതിൻ്റെ വേദനയിൽ ഉതുപ്പാൻ അതേ കിണറിൽ ജീവനൊടുക്കുന്നു. ഇങ്ങനെയുള്ള കഥകളുടെ വായന മനുഷ്യനെ നവീകരിക്കാതിരിക്കില്ല.
നിരൂപണം പൊതുവെ നടക്കുന്നത് പൊതു സാമാന്യ ബോധത്തിൻ്റെ അളവുകോൽ വെച്ചാണ്. ചലച്ചിത്ര ഗാന മത്സരത്തിൽ നല്ല വണ്ണം പാടുന്നവർക്ക് കയ്യടിയും അല്ലാത്തവർക്ക് കൂക്കി വിളിയും കിട്ടുന്നതിന് സമമായ ഇടപെടലാണ് നിരൂപണം നിർവ്വഹിക്കുന്നത്.
എഴുതുന്നവർക്കറിയാം അതിൻ്റെ പ്രയാസം. കളിമണ്ണ് പോലെ ആശയം മനസ്സിലുണ്ടാകും. അതൊക്കെ കോർത്തിണക്കിയാൽ മാത്രം പോര. മുമ്പ് വന്ന കഥകളുമായി അതിന് ഭാഷയിലും ആവിഷ്ക്കാര രീതിയിലും സാമ്യമുണ്ടാകരുത്. പ്രശസ്ത നിരൂപകനായിരുന്ന എം പി പോൾ മലയാളത്തിലെ ഏറ്റവും പ്രധാന നാടകകൃത്തും കലാകാരനുമായിരുന്ന സി ജെ തോമസിൻ്റെ വസതിയിൽ ഒരു ദിവസം എത്തിയപ്പോൾ അദ്ദേഹം വല്ലാതെ അസ്വസ്ഥനായി ഇരിക്കുന്നത് കണ്ടു. എം പി പോൾ കാരണം അന്വേഷിച്ചപ്പോൾ സി ജെ തോമസിൻ്റെ ഉത്തരം “ആ ദ്രോഹി ഇത് എഴുതിക്കഴിഞ്ഞു” എന്നായിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ സോഫോക്ലിസ് എന്നായിരുന്നു ഉത്തരം. സി ജെ തോമസ് എഴുതാൻ തുടങ്ങിയ നാടകത്തിൻ്റെ അതേ ഇതിവൃത്തം ഉള്ള ഒരു നാടകം പുരാതന ഗ്രീക്ക് ദുരന്ത നാടകകൃത്തായ സോഫോക്ലിസിൻ്റെതായി ഉണ്ടെന്ന് വായനയിൽ കണ്ടെത്തിയതിൻ്റെ പ്രതികരണമായിരുന്നു സി ജെ തോമസ് പ്രകടിപ്പിച്ചത്. നല്ല എഴുത്തിന് നല്ല വായനയുടെ അടിത്തറ ആവശ്യമാണെന്ന കാര്യമാണ് ഇത് സൂചിപ്പിക്കുന്നത്. സാംസ്കാരിക സത്ത ഒരു മനുഷ്യനിൽ രൂപപ്പെടണമെങ്കിലും വായന അനിവാര്യമാണ്.
വളരെ അപകടകരമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇങ്ങനെയുള്ള കാലത്തെ പ്രതിരോധിക്കാൻ മനുഷ്യർക്ക് നിലപാട് വേണം. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് വ്യക്തമായ ധാരണയും നിലപാടും ഉണ്ടാവണം. വായനയിലൂടെയും ചിന്തയിലൂടെയും ആർജ്ജിച്ച നിലപാട് അനുസരിച്ചാണ് നിരൂപകൻ വിലയിരുത്തുന്നത്
ഇപ്പോൾ പൊതുമേഖല എന്ന ധാരണ തന്നെ ഇല്ലാതാവുകയാണ്. യുവാക്കളിൽ ചിലർക്ക് വലിയ ശമ്പളവും ആർഭാടവും ഒക്കെ ഉണ്ടാവാം. പക്ഷെ ചൂഷണത്തിൻ്റെ അവസ്ഥ ഭീകരമാവുകയാണ്. ലോകം കൂടുതൽ കഠിനവും പരുഷവും ആവുകയാണ്.
എഴുത്തുകാർ സൗവർണ്ണ പ്രതിപക്ഷം ആകണം എന്നാണ് വൈലോപ്പിള്ളി ആവശ്യപ്പെട്ടിരുന്നത്. അനീതി, വിവേചനം, ജനാധിപത്യ വിരുദ്ധത എന്നിവയെ എഴുത്തുകാർ പ്രതിരോധിക്കണം. സമൂഹത്തിലെ വൈവിദ്ധ്യത്തെ ആഘോഷിക്കുകയും ആദരിക്കുകയും ചെയ്യണം. ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല എഴുത്തുകാരുടെ പ്രതികരണം ഉണ്ടാവേണ്ടത്.
കേരളപ്പിറവിയുടെ അമ്പതാം വാർഷികത്തിൻ്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ എഴുത്തുകാരോടുള്ള ചോദ്യവും അതിനുള്ള വിവിധ ഉത്തരവും നൽകിയിരുന്നു. കഴിഞ്ഞ അമ്പതു വർഷത്തിനിടയിൽ കേരളത്തെ സമഗ്രമായി സ്വാധീനച്ച മാറ്റം എന്താണെന്നായിരുന്നു ചോദ്യം. പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത എം ടി വാസുദേവൻ നായർ പറഞ്ഞത് ഇതര സംസ്ഥാനങ്ങളിൽ നടക്കാത്ത കേരളത്തിൽ മാത്രം നടപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമമാണ് ജനജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾക്ക് വഴി തെളിച്ചത് എന്നായിരുന്നു. ഇരുട്ട് നിറഞ്ഞ നാലു കെട്ടുകൾ തകർക്കണം എന്നെഴുതിയ ഒരെഴുത്തുകാരന്റെ സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു അത്.
മനുഷ്യനെ മനുഷ്യനാക്കുന്നത് സ്വാതന്ത്ര്യമാണ്. വിദ്യാഭ്യാസം എന്നതിന് സംസ്കൃതത്തിൽ പറയുന്നത് ശിക്ഷ എന്നാണ്. നിലവിലുള്ള പാരമ്പര്യത്തിനനുസരിച്ച് ശരിപ്പെടുത്തിഎടുക്കുന്നതാണ് വിദ്യാഭ്യാസം. ഇതിന് വഴങ്ങുന്നവർ കൂടുതൽ മാർക്ക് വാങ്ങുന്നു. സർഗ്ഗാത്മതയുള്ളവർ വഴങ്ങി എന്നു വരില്ല. അവർ റിബലുകൾ ആകും. പഠിക്കാൻ മിടുക്കരായിരുന്നവർക്കില്ലാത്ത സ്നേഹവും അനുകമ്പയും അപരോൻമുഖതയും പഠിക്കാൻ അത്രയൊന്നും മിടുക്ക് കാണിക്കാത്ത റിബലുകൾക്കുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. ഈ റിബലുകളാണ് സർഗാത്മകതയുള്ളവർ. അവരാണ് തിരുത്തൽ ശക്തികൾ.
ജർമ്മൻ ചിന്തകനായ മൈക്കേൽ ഫുക്കോ പറയുന്നത് ജയിലും സ്കൂളും മനുഷ്യരെ കീഴടങ്ങുന്നവരായി മാറ്റുന്നുണ്ടെന്നാണ്.
എല്ലാവിധ അധികാരങ്ങൾക്കുമതിരെ പ്രതിരോധം തീർക്കുക എന്നതാണ് എഴുത്തിന്റെയും വിമർശനത്തിന്റെയും അടിസ്ഥാന ശക്തി. അധികാര ഘടന കുടുംബത്തിൽ അടക്കമുണ്ട്. അധികാരത്തിനെതിരെയുള്ള പ്രതിരോധം എല്ലായിടത്തും ഉണ്ടാവണം. അപരൻ എന്ന് മുദ്രകുത്തി വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് തള്ളിക്കളയുന്ന, റേഷൻ കാർഡ് നൽകാതിരിക്കുന്ന, വ്യവസ്ഥക്കെതിരെ, എല്ലാ വിധ അനീതിക്കുമെതിരെ നിലപാട് കൊണ്ട് പ്രതിരോധിക്കുന്നവരാണ് നിരൂപകരും എഴുത്തുകാരും എന്ന് ഡോ രവികുമാർ പറഞ്ഞു.
——————-
കഥകളില്ലാതെ ജീവിതമില്ല; ഓരോ അനുഭവങ്ങളിലും കഥകൾ ഉണ്ട്: പി വി ഷാജി കുമാർ
മാറ്റി നിർത്തപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ജീവിതമാണ് തന്നെക്കൊണ്ട് കഥകൾ എഴുതിക്കുന്നതെന്നും കഥകളില്ലാതെ ജീവിതമില്ലെന്നും ഓരോ അനുഭവങ്ങളിലും കഥകൾ ഉണ്ടെന്നും പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും കഥാകാരനുമായ പി വി ഷാജികുമാർ പറഞ്ഞു.
കഥ കഴിഞ്ഞു എന്നു പറഞ്ഞാൽ ജീവിതം തീർന്നു എന്നാണ്. ഒരാളെക്കുറിച്ച് കഥയില്ലാത്തവൻ എന്നു പറഞ്ഞാൽ അതൊരു അധിക്ഷേപമാണ്. കുട്ടിക്കാലത്ത് കഥകളുമായി വളരെ അടുത്ത ബന്ധം എല്ലാവർക്കുമുണ്ട്. നല്ല നിരീക്ഷണ പാടവവും പുതിയ അഖ്യാന തന്ത്രവും പുതിയ ക്രാഫ്റ്റും പുതിയ ഭാഷയും ഉണ്ടെങ്കിൽ ഏത് അനുഭവവും കഥയാക്കാം.
കാക്കേ കാക്കേ കൂടെവിടെ എന്ന എല്ലാവർക്കും അറിയാവുന്ന പദ്യം ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി കഥയാക്കി. കുഞ്ഞിന് തീറ്റ കൊടുക്കാഞ്ഞാൽ കുഞ്ഞു കരയൂല്ലേ എന്ന ചോദ്യം ഒരു കുട്ടി കാക്കയോട് ആവർത്തിച്ചു ചോദിച്ചപ്പോൾ “നിൻ്റെ തന്തേടെ കുഞ്ഞല്ലലോ, എൻ്റെ കുഞ്ഞിനെ ഞാൻ നോക്കിക്കോളാം എന്ന് കാക്ക പറഞ്ഞു എന്നാണ് ആ കഥ.
ഏകാകിയും മരണത്തിൻ്റെ കാലൊച്ച കേട്ടു കിടക്കുകയും ചെയ്യുന്ന ഒരു വൃദ്ധൻ്റെ കഥയുണ്ട്. അയാളുടെ കട്ടിലിനു താഴെയുള്ള താഴിട്ട പെട്ടിയിൽ എന്തോ നിധിയുണ്ടെന്ന് നാട്ടിൽ പാട്ടായിരുന്നു. വൃദ്ധൻ ഉറങ്ങിക്കിടക്കുമ്പോൾ രണ്ടു കള്ളന്മാർ പെട്ടി മോഷ്ടിക്കുന്നു. നിധിയുണ്ടെന്ന് കരുതി പെട്ടി തുറന്നു നോക്കിയ അവർ നിരാശരാകുന്നു. യുവാവായിരിക്കെ വൃദ്ധന് ലഭിച്ച പ്രണയ ലേഖനങ്ങൾ ആയിരുന്നു പെട്ടിയിൽ. ഈ പ്രണയ ലേഖനങ്ങൾ ഓരോന്നായി നല്ല ഭംഗിയുള്ള കവറിൽ കള്ളന്മാർ ഓരോ ആഴ്ചയും വൃദ്ധൻ്റെ അഡ്രസ്സിൽ അയയ്ക്കുന്നു. വൃദ്ധൻ അതൊക്കെ വായിച്ച് ജീവിതാസക്തിയും സന്തോഷവും ഉള്ളവനായി കുറെ വർഷം കൂടി ജീവിക്കുന്നു.
കഥയിലെ കള്ളന്മാരുടെ റോളിലാണ് എഴുത്തുകാർ. നല്ല രചനകൾ പ്രതീക്ഷയറ്റവരിൽ പ്രത്യാശ വിതയ്ക്കുന്നു.
കഥകളായിത്തീരാവുന്ന ചില ജീവിത സന്ദർഭങ്ങളുണ്ട്. വയറു വേദനയുള്ള ഒരു രോഗിയെ ടി വി യിൽ വരുന്ന ക്രിക്കറ്റ് മാച്ച് ശ്രദ്ധിച്ച് പരിശോധിക്കുന്ന ഒരു ഡോക്ടറുടെ കഥയുണ്ട്. സ്റ്റെതസ്കോപ്പ് വയറിൽ വെച്ചു പരിശോധിക്കവേ സ്ക്രീനിൽ കാംബ്ലി ഔട്ടായി. അത് കണ്ട് ഡോക്ടർ ” അയ്യോ കാമ്പ്ളി ഔട്ട് ആയല്ലോ” എന്ന് പറഞ്ഞു. “അയ്യോ ഡോക്ടറെ അതും പോയോ” എന്നായിരുന്നു അത് കേട്ട രോഗിയുടെ പ്രതികരണം.
അയൽക്കാരായ രണ്ടു സ്ത്രീകൾ വഴക്കിടുന്നു. ഒരാൾ നല്ല തെറി പറയുന്നുണ്ട്. മറ്റെയാൾക്ക് തെറി പറയാൻ കഴിയുന്നില്ല. സഹി കെട്ടപ്പോൾ ആ സ്ത്രീ എതിരാളിയെ നോക്കിപ്പറഞ്ഞു “ഓ നീ വല്യ പതിവൃതയൊന്നും ചമയേണ്ട” എന്ന്. ഒരു നിമിഷം തെറി പറയുന്ന സ്ത്രീ സ്വിച്ചിട്ടപോലെ നിന്നു. അടുത്ത നിമിഷം വർദ്ധിച്ച ശക്തിയോടെ “മരിക്കാൻ കിടക്കുന്ന നിൻ്റെ അമ്മയാടി പതിവൃത” എന്ന് തിരിച്ചടിച്ചു.
ഫുട്ബാൾ ഭ്രാന്തുള്ള രാമനും കോരേട്ടനും നാട്ടിലെ ദേശീയ പാനീയമായിരുന്ന “റാക്ക്” (ചാരായം) കുടിച്ചപ്പോൾ മരിച്ചു ചെല്ലുന്ന സ്ഥലത്ത് ഫുട് ബാൾ കളിയുണ്ടാവുമോ എന്നറിയാൻ താല്പര്യം തോന്നി. ആദ്യം മരിക്കുന്ന ആൾ രണ്ടാമൻ്റെ സ്വപ്നത്തിൽ വന്ന് വിവരം പറയണം എന്ന ഉപാധി അംഗീകരിച്ച് പിരിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാമേട്ടൻ ഉറക്കത്തിൽ തട്ടിപ്പോയി. വാക്ക് പാലിച്ച് രാമേട്ടൻ കോരേട്ടൻ്റെ സ്വപ്നത്തിൽ വന്നു. മരിച്ചെത്തിയ സ്ഥലത്ത് ഫുട്ബാൾ കളിയുണ്ടെന്ന സന്തോഷ വർത്തമാനം അറിയിച്ചു. ഉടനെ ഒരു സങ്കട വാർത്തയും അറിയിച്ചു. മരിച്ചെത്തിയ സ്ഥലത്ത് അടുത്താഴ്ച്ച നടക്കുന്ന ടൂർണ്ണമെന്റിൽ കോരേട്ടനായിരിക്കും ലൈൻ റഫറി (Line Umpire) എന്ന് അവിടെ അറിയിപ്പുണ്ടായിരുന്ന കാര്യവും അറിയിച്ചു.
പരേതനായ എഴുത്തുകാരൻ ടി പി രാജീവൻ പങ്കു വെച്ച ഒരോർമ്മയുണ്ട്. വീട്ടിന് ചുറ്റുമുള്ള കാട് പിടിച്ചു കിടക്കുന്ന ചെടികൾ വെട്ടിക്കളായാൻ ഒരാളെ എല്പിച്ചു. ആ യന്ത്രത്തിൻ്റെ ശബ്ദം കേട്ട് അദ്ദേഹത്തിൻ്റെ നളിനി എളേമ്മ ഓടിവന്നു. യന്ത്രത്തിൻ്റെ ഒച്ച കേട്ട് അടുത്ത കണ്ടത്തിൽ കതിരിടാൻ പോകുന്ന നെൽച്ചെടികൾ പേടിച്ച് പോകുമെന്ന് രാജീവനോട് പറഞ്ഞു. സസ്യശാസ്ത്രത്തെ സംബന്ധിച്ച് ലഭ്യമായ പല വിദേശ പുസ്തകങ്ങളിൽ നിന്നും തനിക്ക് ലഭിക്കാതിരുന്ന അറിവാണ് നളിനി എളേമ്മ പകർന്നു തന്നതെന്ന് രാജീവൻ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴാം ക്ലാസ്സ് വരെ പറ്റിച്ചിട്ടുള്ള ഈ നളിനി എളേമ്മമാരാണ് തൻ്റെ കഥയുടെ അടിത്തറ.
കിടപ്പറ സമരം എഴുതാൻ പ്രേരണയായത് കിടപ്പറ സമരം നടത്താൻ സ്ത്രീകളോട് ആഹ്വാനം ചെയ്ത്, അത് വിജയിപ്പിച്ച് കലാപ കാലുഷിതമായിരുന്ന ലൈബീരിയയിൽ സമാധാനം ഉണ്ടാക്കിയതിൻ്റെ പേരിൽ നോബൽ സമ്മാനം നേടിയ ലീമ ബോവിയല്ല മറിച്ച് തൻ്റെ നാട്ടിലെ ശോഭേച്ചിയുടെയും രമേശേട്ടൻ്റെയും അനുഭവമാണ്. കുടുംബം നോക്കാതെ എന്നും രാത്രി മദ്യപിച്ച് കവിത ചൊല്ലിക്കൊണ്ടെത്തുന്ന ഭർത്താവിനെ ഞെട്ടിച്ച് കൊണ്ട് ശോഭേച്ചി ബീവറേജിൽ ക്യൂ നിന്ന് ഒരു പയന്റ് തൃബിൾ X റമ്മുമായി വീട്ടിൽ വന്നു കുടിച്ച് ധ്യാനാവസ്ഥയിൽ രമേശേട്ടൻ്റെ ഓരോ ചോദ്യത്തിനും രമേശേട്ടൻ പതിവാക്കിയിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെയും നെരൂദയുടെയും കടമ്മനിട്ടയുടെയും കവിതാ ശകലങ്ങൾ കൊണ്ട് മറുപടി പറയുന്നു. ഒടുവിൽ ശോഭേച്ചിയെ മംഗളൂരിലേ ഡി- അടിക് ഷൻ സെന്ററിൽ കൊണ്ട് പോയി ചികിൽസിക്കേണ്ടി വന്നു.
നടുവേദനക്ക് നാരായണീയ തൈലമോ കൊട്ടൻ ചുക്കാദിയോ നിർദ്ദേശിക്കുകയാണെങ്കിൽ പ്രശസ്ത നിരൂപകനായിരുന്ന കെ പി അപ്പൻ സാർ തിരഞ്ഞെടുക്കുക നാരായണീയ തൈലം ആയിരിക്കും. താൻ തിരഞ്ഞെടുക്കുക കൊട്ടൻ ചുക്കാദിയും. തന്റെ നാട്ടിലെ പാവപ്പെട്ട എല്ലും തോലുമായ മനുഷ്യരെ കൊട്ടൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത് തന്നെയാണ് തൻ്റെ എഴുത്തിൻ്റെ രസതന്ത്രം.
ഒരു വൃദ്ധനും മകനും പാർക്കിൽ ഒരു ബെഞ്ചിലിരിക്കുമ്പോൾ ഒരു പക്ഷി കരയുന്നു. വൃദ്ധൻ മകനോട് ചോദിക്കുന്നു ഏത് പക്ഷിയാണെന്ന്. മകൻ ഉത്തരം നൽകുന്നു. വൃദ്ധൻ മൂന്നാം തവണയും ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ മകൻ അസഹ്യതയോടെ കുപിതനായി പ്രതികരിക്കുന്നു. ഇത് കേട്ടപ്പോൾ അച്ഛൻ വീട്ടിൽ പോയി ഒരു ഡയറിയുമായി തിരിച്ചു വന്നു അതിലെ പതിനാലാം പേജ് മകനോട് വായിക്കാൻ ആവശ്യപ്പെടുന്നു. മകൻ കുഞ്ഞായിരുന്നപ്പോൾ ഇതേ സന്ദർഭത്തിൽ 46 തവണ ഇതേ ചോദ്യം ആവർത്തിച്ചപ്പോഴും ഓരോ തവണയും കൂടുതൽ വാത്സല്യത്തോടെ മകനെ പുണർന്ന് അതിന് ഉത്തരം നൽകിക്കൊണ്ടിരുന്ന കാര്യമായിരുന്നു ഡയറികുറിപ്പിൽ. അത് വായിച്ച മകൻ തേങ്ങലടക്കാൻ കഴിയാതെ വൃദ്ധനെ ആശ്ലേഷിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. ഇങ്ങനെയുള്ള കഥകൾ ജീവിതത്തെ സ്വാധീനിക്കുന്നു.
ഞങ്ങളുടെ ഗ്രാമത്തിലെ പവിത്രേട്ടൻ പൊലീസായിരുന്നു. മൂപ്പരെ എപ്പോൾ കണ്ടാലും ചന്ദ്രേട്ടൻ ഉടനെ ഗുഡ് നൈറ്റ് പറയും. ഒരു ദിവസം നട്ടുച്ചക്ക് ചന്ദ്രേട്ടൻ ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ പവിത്രേട്ടൻ ചന്ദ്രേട്ടന്റെ കഴുത്തിനു പിടിച്ചു കൊണ്ട് ചോദിച്ചു നീ എന്താടാ എപ്പോ കണ്ടാലും ഗുഡ് നൈറ്റ് പറയുന്നതെന്ന്. അതിന് ചന്ദ്രേട്ടൻ പറഞ്ഞ ഉത്തരം പോലീസ് എന്ന അധികാര കേന്ദ്രത്തിൻ്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. “എനിക്ക് നിങ്ങളെ കാണുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നു. അത് കൊണ്ടാ ഞാൻ ഗുഡ് നൈറ്റ് പറയുന്നത്.
ഒട്ടനവധി നർമ്മം തുളുമ്പുന്ന എന്നാൽ ശക്തമായ സാമൂഹിക വിമർശനം അടങ്ങുന്ന പല അനുഭവങ്ങളും ഷാജി കുമാർ ഇതോടൊപ്പം പങ്കു വെച്ചിരുന്നു.
തുടർന്ന് നടന്ന സംവാദം പ്രശസ്ത നിരൂപകനായ സുധാകരന് രാമന്തളി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ, എഡുകേഷണൽ സെക്രട്ടറി കെ ചന്ദ്രശേഖരൻ നായർ എന്നിവർ യഥാക്രമം ഡോക്ടർ കെ എസ് രവി കുമാറിനെയും, പി വി ഷാജി കുമാറിനെയും പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, ഡോ. രാജന്, വി.കെ. സുരേന്ദ്രന്, ശാന്തകുമാര്‍ എലപ്പുള്ളി, കെ.ആര്. കിഷോര്‍, എസ്.കെ. നായര്‍, പീറ്റര്‍ ജോര്‍ജ്, ടി ഇ കലിസ്റ്റസ്, സി. ചക്രപാണി എന്നിവര്‍ സംവാദത്തിൽ പങ്കെടുത്തു.
മേധ എസ്. നായര്‍, അമൃത ലക്ഷ്മി, സൗദ അബ്ദുൾ റഹ്മാന്, റാണി ശശികുമാര്‍, അനിത മധു, സംഗീത രാമചന്ദ്രന്, ഉണ്ണികൃഷ്ണന് അരിക്കത്ത്, വി.കെ ഗോപി വാര്യര്‍ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി ജോണി പി സി എന്നിവർ അതിഥികൾക്ക് പൂച്ചെണ്ടു നൽകി. വൈസ് പ്രസിഡണ്ട് എം.പി. വിജയന് നന്ദി രേഖപ്പെടുത്തി