അമേരിക്ക വാക്കുപാലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ഒമാനുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇറാൻ്റെ അനുമതിയില്ലാതെ കപ്പലുകളെ കടത്തിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ പൂർണ നിയന്ത്രണം ഇറാനാണെന്നും പെസഷ്കിയാൻ അവകാശപ്പെട്ടു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയുടെ സാമ്പത്തിക സമ്മർദത്തിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു. അമേരിക്കയുടെ സാമ്പത്തിക ഉപരോധവും യുദ്ധനീക്കങ്ങളും നേരിടാൻ രാജ്യം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫ് അറിയിച്ചു.

ലോകത്തിലെ പ്രധാന എണ്ണക്കടൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ഇറാൻ്റെ നിലപാട് ആഗോള എണ്ണവിപണിയിലും കപ്പൽ ഗതാഗതത്തിലും ആശങ്ക വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവന.

Related Posts