രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സിപിഎം നേതൃത്വത്തിലുള്ള ഇടത് പാർട്ടികളും ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തി.
ഡിസിസികളുടെ നേതൃത്വത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിൻ്റെ പ്രതിഷേധം. ഡൽഹിയിൽ സിപിഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ നിന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ് സ്മാരകത്തിലേക്ക് ഇടത് നേതാക്കൾ മാർച്ച് നടത്തി. മുംബൈയിൽ ഗാന്ധിജയന്തി ദിനത്തിൽ നടത്താനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതായി കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു.
അതേസമയം, പ്രതിപക്ഷ ആരോപണങ്ങൾ കേന്ദ്ര സർക്കാരും ബിജെപിയും തള്ളിക്കളയുകയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ആരോപണങ്ങളുമായി ബിജെപി മുഖ്യമന്ത്രിമാരെ ഉൾപ്പെടെ രംഗത്തിറക്കിയിരുന്നു. ഡൽഹിയിൽ ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും രാജീവ് ചന്ദ്രശേഖറും വാർത്താസമ്മേളനങ്ങൾ നടത്തി കോൺഗ്രസ് ആരോപണങ്ങളെ പ്രതിരോധിച്ചു.
നാളെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. മറ്റന്നാൾ നടക്കുന്ന ഇന്ത്യ സഖ്യ യോഗത്തിൽ ഗ്യാനേഷ് കുമാറിനെതിരായ പുതിയ ഇംപീച്ച്മെന്റ് നോട്ടീസ് ഉൾപ്പെടെയുള്ള തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. എന്നാൽ യോഗത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആംആദ്മി പാർട്ടിയെയും ഡിഎംകെയെയും വിശാല പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും ചില പാർട്ടികൾ തുടരുകയാണ്.
എസ്ഐആർ നടപടികൾക്കെതിരായ ഹർജികൾ പരിഗണിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ, പൗരത്വം നിർണയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് വ്യക്തമാക്കി. ഗോവയിൽ വോട്ടർമാരെ പട്ടികയിൽ തിരിച്ച ഉൾപ്പെടുത്താത്ത നടപടി കോടതിയലക്ഷ്യമാണോ എന്നത് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആറിന് ഹർജിക്കാർ സ്റ്റേ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി.
അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ മറ്റൊരു ഹർജിയും ഇന്ന് സുപ്രീംകോടതിയിലെത്തി. എസ്ഐആർ റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഹർജിയിൽ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിലെ തുടർനടപടികളിൽ നിർണായകമാകും.