ഇന്ന് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.45 ലെത്തി. യു.എസ് – ഇറാൻ സംഘർഷത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് രൂപയുടെ മൂല്യമിടിയാൻ കാരണം. ഹുർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വില വർദ്ധനവും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയും തടസ്സപ്പെടുന്നതും രൂപക്ക് തിരിച്ചടിയായിട്ടുണ്ട്.

ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ യു.എസ് ഡോളറിനെതിരെ 18 പൈസ ഇടിഞ്ഞ് 96.38 ലെത്തിയിരുന്നു. എന്നാൽ, പിന്നീട് രൂപയുടെ മൂല്യം കൂടുതൽ ഇടിയുകയായിരുന്നു. തിങ്കളാഴ്‌ച രൂപയുടെ മൂല്യം 96.20 ലാണ് ക്ലോസ് ചെയ്‌തത്‌. രൂപയുടെ തകർച്ച ആഭ്യന്തര വിപണിയെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

രൂപയുടെ ഇടിവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് വിലയിരുത്തൽ. ഡോളർ സൂചിക 99.10 ആയി നേരിയ തോതിൽ താഴ്ന്നുന്നെങ്കിലും ഇറാനുമായി ബന്ധപ്പെട്ട തുടർച്ചയായ പിരിമുറുക്കങ്ങൾ കാരണം ആഗോളവിപണികളെല്ലാം തന്നെ ദുർബലമായി തുടരുകയാണ്. രൂപക്കും അതിൻ്റെ ഗുണം ലഭിച്ചിട്ടില്ല.

Related Posts