പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക്‌ മുന്നറിയിപ്പുമായി എംബസി. ഇറാനിലേക്കുള്ള യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും നിലവില്‍ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ യാത്രാമാർഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ എത്രയും വേഗം രാജ്യം വിടണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

മേഖലയില്‍ ഇസ്രായേല്‍-ഇറാൻ യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തിര നീക്കം.ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കല്‍ സമുച്ചയത്തിന് നേരെ ഇസ്രായേല്‍ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അവഗണിച്ച്‌ മധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങള്‍ക്ക് നേരെയടക്കം ഇസ്രായേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു.

ഈ സാഹചര്യത്തില്‍ ഇറാനില്‍ തുടരുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങള്‍ കർശനമായി പിന്തുടരണമെന്നും എംബസി വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനായി ഹെല്‍പ്പ്‌ലൈൻ നമ്പറുകളും നല്‍കിയിട്ടുണ്ട്.

Related Posts