ഓസ്ട്രേലിലയിലെ ‘മഷ്റൂം മർഡർ’ കേസിലെ പ്രതി എറിൻ പാറ്റേഴ്‌സൺ 3 വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. വിക്ടോറിയയിൽ 2023 ജൂലൈ 29-ന് സ്വന്തം കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർതൃപിതാവ് ഡോൺ പാറ്റേഴ്‌സൺ, ഭർതൃമാതാവ് ഗെയിൽ പാറ്റേഴ്സൺ ബന്ധുവായ ഹെതർ വിൽക്കിൻസൺ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന കേസിൽ 11 ആഴ്‌ചത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്‌താവിച്ചത്.

എറിൻ വിചാരണയിലുടനീളം താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു കൊണ്ടേയിരുന്നു. വഴിത്തിരിവായത് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ച തെളിവുകളും കേസിൽ എറിൻ പറഞ്ഞ ചില നുണകളുകളുമാണ്. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട എറിൻ്റെ മുൻ ഭർത്താവാണ് കേസിലെ പ്രധാന സാക്ഷി. ഓവേറിയൻ ക്യാൻസറാണെന്ന വിവരം മക്കളെ അറിയിക്കാൻ ഉപദേശം വേണമെന്നും ഇനി ഒരിക്കലും ഇത്തരമൊരു കൂടിച്ചേരൽ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും വിശദമാക്കിയാണ് എറിൻ ഭർതൃകുടുംബത്തെ വിളിച്ചുവരുത്തിയത്.

ഭർത്താവ് സൈമൺ പാറ്റേഴ്‌സൺ വിരുന്നിനു വന്നില്ല. തനിക്ക് എത്താനാകില്ലെന്ന് സൈമൺ പറഞ്ഞപ്പോൾ, വരണമെന്ന് നിർബന്ധിച്ച് എറിൻ സന്ദേശം അയച്ചു. തയ്യാറാക്കിയ വിഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു. സൈമണിൻ്റെ മാതാപിതാക്കളായ ഡോണും ഗെയിലും പ്രാദേശിക പുരോഹിതനായ ഇയാൻ വിൽക്കിൻസണും ഭാര്യ ഹെതറും എറിൻ വിളിച്ച് വരുത്തിയ പ്രകാരം വിരുന്നിൽ പങ്കെടുത്തു. ബീഫ് വെല്ലിങ്ടൺ എന്ന വിഭവമാണ് അതിഥികൾക്ക് വേണ്ടി ഇവർ പാചകം ചെയ്‌തത്. രാത്രിയോടെ ഇവർക്കെല്ലാം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ തുടങ്ങി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയെങ്കിലും എന്താണ് വിഷബാധയുടെ കാരണമെന്ന് തുടക്കത്തിൽ കണ്ടെത്താനായില്ല. വൈകാതെ ഇയാൻ ഒഴികെയുള്ളവർ മരണത്തിന് കീഴടങ്ങി. പരിശോധനയിൽ ശരീരത്തിൽ അമിത അളവിൽ അമാടോക്സിൻ എന്ന വിഷാംശം ഉണ്ടായിരുന്നതായി കണ്ടെത്തി. ചികിത്സയിലായിരുന്ന ലാൻ വിൽക്കിൻസണിൽ നടത്തിയ ആന്തരിക പരിശോധനയിലും സമാനമായ വിഷാംശം കണ്ടെത്തിയതാണ് ഇവർ കഴിച്ച ഭക്ഷണത്തിലേക്ക് അന്വേഷണം കൊണ്ടു ചെന്നെത്തിച്ചത്.

മാരകവിഷാംശമുള്ള അമാനിറ്റാ വിഭാഗത്തിൽപെട്ട കൂൺ എല്ലാവരും കഴിച്ച ആഹാരത്തിൽ ഉൾപ്പെട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ചോദ്യം ചെയ്യലില്‍ വിരുന്നില്‍ കൂണ്‍ വിഭവം വിളമ്പിയ വിവരം മറച്ചുവെക്കാന്‍ എറിന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. എറിന്‍ കാന്‍സര്‍ രോഗത്തിന്‍റെ പേരിലാണ് ഭര്‍തൃകുടുംബത്തെ വിളിച്ചുവരുത്തിയത്. അത് കള്ളമാണെന്ന് തെളിഞ്ഞതോടെ എറിനിലേക്ക് തന്നെ അന്വേഷണം കേന്ദ്രീകരിച്ചു.

Related Posts