വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദർശനം ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെക്കുമെന്നാണ് റിപ്പോർട്ട്. കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, തുണിത്തരങ്ങൾ, വിസ്കി തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും മേഖലകൾക്കും കരാർ നിലവിൽ വരുന്നതോടെ പ്രയോജനം ലഭിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങൾക്കും കരാർ പ്രകാരം തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടൻ്റെ 90% ഉൽപ്പന്നങ്ങൾക്കും തീരുവ കുറയും. പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ 4 മുതൽ 16% വരെയുള്ള തീരുവ പൂർണമായും ഇന്ത്യയിൽ നിന്ന് ഒഴിവാകാൻ സാധ്യതയുണ്ട്.
യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കും, എന്നാൽ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കും, അതായത് പരിമിതമായ എണ്ണം ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് മാത്രമേ കുറഞ്ഞ തീരുവ ബാധകമാകു. കരാർ അനുസരിച്ച് ഈ എണ്ണം ക്രമേണ ഉദാരവൽക്കരിക്കും. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ, ആസ്റ്റൺ മാർട്ടിൻ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.