കഴിഞ്ഞ ദിവസമാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് യുഎസ്, ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്‌സിക്യുട്ടീവ് ഉത്തരവിൽ ബുധനാഴ്‌ച ഒപ്പിട്ടിരുന്നു.

ആഗസ്റ്റ് 1 നു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം കൂടിച്ചേർത്ത് ഇന്ത്യൻ ചരക്കുകൾക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയർന്നു. പകരച്ചുങ്കം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തിൽ വരും. റഷ്യൻ എണ്ണയുടെ കാര്യത്തിൽ സമവായമുണ്ടാക്കുന്നതിനുവേണ്ടിയാണ് 21 ദിവസത്തെ സമയം.

ഇന്ത്യ യുഎസ് ചുമത്തിയ അധികത്തീരുവയുടെ പശ്ചാത്തലത്തിൽ, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തിയാൽ അത് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവിൽ വൻ വർദ്ധനവുണ്ടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി നിർത്തിയാൽ അതോടെ ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 78914 കോടി രൂപയുടെ (9 ബില്യൺ ഡോളർ) വർദ്ധനവുണ്ടാകുമെന്നാണ് എസ്ബിഐ പറയുന്നത്. അടുത്ത സാമ്പത്തിക വർഷം ഇത് 1,05219 കോടിയായി (12 ബില്യൺ ഡോളർ) വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts